യൂണിഫോം നിർബന്ധം, മേക്കപ്പിന് വിലക്ക്; യുഎഇയിലെ സ്കൂൾ വിനോദയാത്രകൾക്ക് പുതിയ ചട്ടങ്ങൾ
യാത്ര കഴിഞ്ഞ് സ്കൂൾ അധികൃതരെ അറിയിക്കാതെ രക്ഷിതാക്കൾക്ക് കുട്ടികളെ നേരിട്ട് കൂട്ടിക്കൊണ്ടുപോകാനും അനുമതിയുണ്ടാകില്ല. സ്കൂൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിദ്യാർഥികൾക്ക് പോസിറ്റീവ്, നെഗറ്റീവ് പോയിന്റുകൾ നൽകുന്ന രീതിയും നടപ്പാക്കും
ദുബൈ: വിദ്യാർഥികളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ സ്കൂൾ വിനോദയാത്രകൾക്കായി കൂടുതൽ നിയന്ത്രണങ്ങളുമായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. യാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ പാലിക്കേണ്ട ചട്ടങ്ങൾ സംബന്ധിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വിനോദയാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്, നിർബന്ധമായും സ്കൂൾ യൂണിഫോം ധരിക്കൽ, യാത്രയ്ക്ക് മുൻകൂട്ടി അനുമതി നേടൽ തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. യാത്ര കഴിഞ്ഞ് സ്കൂൾ അധികൃതരെ അറിയിക്കാതെ രക്ഷിതാക്കൾക്ക് കുട്ടികളെ നേരിട്ട് കൂട്ടിക്കൊണ്ടുപോകാനും അനുമതിയുണ്ടാകില്ല. സ്കൂൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിദ്യാർഥികൾക്ക് പോസിറ്റീവ്, നെഗറ്റീവ് പോയിന്റുകൾ നൽകുന്ന രീതിയും നടപ്പാക്കും. ഈ വിലയിരുത്തൽ സ്കൂളിലെ ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.
വ്യക്തിഗത മൊബൈൽ ഫോണുകൾ വിനോദയാത്രയ്ക്ക് കൊണ്ടുവരുന്നത് ചട്ടലംഘനമായി കണക്കാക്കും. നിയമം ലംഘിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിവരം അറിയിക്കും. പാഠ്യേതര പരിപാടികളിൽ വ്യക്തിഗത ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും യാത്രയിലുടനീളം കുട്ടികളുടെ മേൽനോട്ടം ഉറപ്പാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വസ്ത്രധാരണത്തിലും കർശന നിർദേശങ്ങളുണ്ട്. പെൺകുട്ടികൾ യാത്രയ്ക്കിടെ പൂർണമായ സ്കൂൾ യൂണിഫോം ധരിക്കണം. മറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനും മേക്കപ്പ് ധരിക്കുന്നതിനും വിലക്കുണ്ട്. യാത്ര നടക്കുന്ന സ്ഥലത്തുനിന്നോ യാത്ര അവസാനിച്ച ശേഷമോ സ്കൂൾ അധികൃതരുടെ മുൻകൂർ അറിയിപ്പില്ലാതെ രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുപോകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. സ്കൂളിൽനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരികെ എത്തുന്നതുവരെയുള്ള സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായാണ് പുതിയ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Comments ()