അമ്മയെ കൊന്ന് ജോലി നേടാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് ലക്ഷങ്ങളും എസ്യുവിയും; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ജയ്പൂര്‍ ലോവര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മ്മ (45) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ജയ്പൂര്‍: കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സര്‍ക്കാര്‍ ജോലിയും കൈക്കലാക്കാനായി 23-കാരി അമ്മയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് കൊലപ്പെടുത്തി. ജയ്പൂര്‍ ലോവര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മ്മ (45) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന സംഭവത്തില്‍ ഇവരുടെ മകള്‍ ആയുഷി ശര്‍മ്മ, വലിയച്ഛന്‍ മോഹന്‍ സ്വരൂപ് എന്നിവരുള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്മാരിലൊരാളും ആയുഷിയുടെ ബന്ധുവുമായ ബല്‍റാം നിലവില്‍ ഒളിവിലാണ്.
കഴിഞ്ഞ ജൂലൈ 3-ന് വൈകുന്നേരം ജയ്പൂരിലെ പ്രതാപ് നഗറിലാണ് നീരജ് ശര്‍മ്മ കൊല്ലപ്പെടുന്നത്. മകനെ കോച്ചിങ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജിനെ മണിക്കൂറില്‍ 130 കി.മീ വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചയുടന്‍ 100 അടിയോളം ദൂരേക്ക് തെറിച്ചുവീണ അവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടക്കത്തില്‍ ഇതൊരു സാധാരണ വാഹനാപകടമായി കരുതപ്പെട്ടെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആസൂത്രിതമായ ഈ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വര്‍ഷം മുന്‍പ് മരിച്ച പിതാവിന്റെ സര്‍ക്കാര്‍ ജോലി ആശ്രിത നിയമനത്തിലൂടെ തനിക്ക് വേണമെന്ന് ആയുഷി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാരനായ മകന്റെ സംരക്ഷണത്തിനായി നീരജ് ശര്‍മ്മയാണ് ആ ജോലിയില്‍ പ്രവേശിച്ചത്. ഇതിന് പുറമെ അമ്മയും മകളും തമ്മില്‍ സ്വത്തുതര്‍ക്കവും നിലനിന്നിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള കടുത്ത വൈരാഗ്യവും സ്വത്ത് സ്വന്തമാക്കാനുള്ള ആഗ്രഹവുമാണ് അമ്മയെ കൊലപ്പെടുത്താന്‍ ആയുഷിയെ പ്രേരിപ്പിച്ചത്.
അമ്മയെ വകവരുത്തുന്നതിനായി വലിയച്ഛന്‍ മോഹന്‍ സ്വരൂപ്, ബന്ധുവായ ബല്‍റാം എന്നിവരുമായി ചേര്‍ന്ന് ആയുഷി ഗൂഢാലോചന നടത്തി. തുടര്‍ന്ന് ഭരത്പൂര്‍ സ്വദേശിയായ ഹേമന്ത് ശര്‍മ്മ എന്നയാള്‍ക്ക് 7 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
Comments ()