കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്.ഐ.വി പരിശോധന: നിർണായക തീരുമാനവുമായി കർണാടക സർക്കാർ
കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ബംഗളൂരു: കര്‍ണാടകയിലെ എല്ലാ എഞ്ചിനീയറിംഗ്, ആര്‍ട്‌സ്, സയന്‍സ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനായി 'Know Your HIV Status' എന്ന ക്യുആര്‍ അധിഷ്ഠിത ആപ്പും തയ്യാറാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യു.ജി.സി.യുടെയും നിര്‍ദ്ദേശപ്രകാരം കോളേജുകളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകള്‍ വഴിയായിരിക്കും പരിശോധനയും കൗണ്‍സിലിംഗും നടപ്പിലാക്കുക. സംസ്ഥാനത്ത് 2.6 ലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നും, ഇതില്‍ 54,000-ത്തോളം പേര്‍ക്ക് രോഗമുള്ള കാര്യം അറിയില്ലെന്നുമുള്ള നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക തീരുമാനം.
അസുരക്ഷിതമായ ലൈംഗികബന്ധവും ലഹരിമരുന്ന് ഉപയോഗവുമാണ് 18-നും 35-നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടക്കത്തില്‍ തന്നെ രോഗബാധ കണ്ടെത്തി വ്യാപനം തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Comments ()