പ്രണയനൈരാശ്യത്തിൽ പ്രവാസി യുവാവ് സൗദിയിൽ ജീവനൊടുക്കി; മൃതദേഹം നാട്ടിലെത്തിച്ചു

പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ ബിഷയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി.

പ്രണയനൈരാശ്യത്തിൽ പ്രവാസി യുവാവ് സൗദിയിൽ ജീവനൊടുക്കി; മൃതദേഹം നാട്ടിലെത്തിച്ചു

പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹം നാട്ടിലെത്തിച്ചു. ബിഷയിൽ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലെത്തിച്ച മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിലുള്ള കടുത്ത വിഷമത്തിലായിരുന്നു രാജഭാരതി.

'ഇനി ഞാൻ ജീവിച്ചിരിക്കില്ല' എന്ന് പുലർച്ചെ സഹോദരിക്ക് വാട്‌സ്ആപ്പിൽ സന്ദേശമയച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്. സന്ദേശം കണ്ട കുടുംബം ഉടൻ തന്നെ സൗദിയിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയും, അവർ നടത്തിയ തിരച്ചിലിൽ താമസസ്ഥലത്ത് രാജഭാരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം രാത്രി 12-നും പുലർച്ചെ ഒന്നിനുമിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സൗദിയിലെത്തി കേവലം 10 മാസം പിന്നിടുമ്പോഴാണ് ഈ ദാരുണ സംഭവം നടക്കുന്നത്. സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സി.സി.ഡബ്ല്യു.എ (കമ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലർ അസിസ്റ്റൻസ്) അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ (കൊണ്ടോട്ടി), രാജഭാരതിയുടെ നാട്ടുകാരനായ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്.