'പാർട്ടി പദവികൾ തേടിനടക്കുന്ന ആളല്ല, കെപിസിസി അധ്യക്ഷനാകാൻ താൽപര്യമില്ല', പേര് പ്രചരിപ്പിക്കരുതെന്ന് ഡീൻ കുര്യാക്കോസ്

സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് ഉയർത്തിക്കാട്ടി നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യര്‍ത്ഥിച്ചു

'പാർട്ടി പദവികൾ തേടിനടക്കുന്ന ആളല്ല, കെപിസിസി അധ്യക്ഷനാകാൻ താൽപര്യമില്ല',  പേര് പ്രചരിപ്പിക്കരുതെന്ന് ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിലവിൽ താൻ അനുയോജ്യനല്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് ഉയർത്തിക്കാട്ടി നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യര്‍ത്ഥിച്ചു.

കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിലവിൽ താൻ അനുയോജ്യനല്ലെന്നാണ് വ്യക്തിപരമായ വിലയിരുത്തലെന്നും പാർട്ടി ഇതുവരെ നൽകിയ ഉത്തരവാദിത്തങ്ങളിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് എം.പി തന്റെ നിലപാട് പരസ്യമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലായി ഡീൻ കുര്യാക്കോസിനെ അടുത്ത കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേർ ഈ നീക്കത്തിൽ പങ്കാളികളായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. പാർട്ടിയിലെ സുപ്രധാന സ്ഥാനങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും നടക്കുന്ന പ്രചാരണങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.

താൻ ആഗ്രഹിച്ച പല സ്ഥാനങ്ങളിലും അധ്വാനത്തിന്റെയും മുതിർന്ന നേതാക്കളുടെ പിന്തുണയുടെയും അടിസ്ഥാനത്തിൽ എത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് കുറിച്ചു. അർഹതയില്ലാത്ത ഒരു പദവിയും ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാവിയിലും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് താൻ യോഗ്യനല്ലെന്നതാണ് തന്റെ ബോധ്യമെന്നും കുറിപ്പിൽ പറഞ്ഞു.

പാർട്ടി ഏൽപ്പിച്ചിട്ടുള്ള ചുമതലകളിൽ സംതൃപ്തനാണെന്നും ജനപ്രതിനിധി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എം.പി വ്യക്തമാക്കി. പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ടത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്. അനുയോജ്യനായ വ്യക്തിയെ ഹൈക്കമാൻഡ് കണ്ടെത്തുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. തന്നെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അറിഞ്ഞോ അറിയാതെയോ ഇത്തരം ക്യാമ്പയിനുകളിൽ പങ്കാളികളായിട്ടുള്ളവർ അതിൽ നിന്ന് പിന്മാറണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.