തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; വേദനാരഹിത മാർഗം തേടിയ ഹർജി തള്ളി സുപ്രീംകോടതി

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; വേദനാരഹിത മാർഗം തേടിയ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: ഇന്ത്യയിലെ നിലവിലെ തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. വധശിക്ഷ കൂടുതൽ വേദനാരഹിതമായ രീതിയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

അതേസമയം, നിലവിലെ വധശിക്ഷാ രീതി പുനഃപരിശോധിക്കുന്നതിന് കേന്ദ്രസർക്കാരിന് നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിക്കുന്നതും പരിഗണിക്കാം. വധശിക്ഷ നടപ്പാക്കുമ്പോൾ വേദന കുറയ്ക്കുന്നതിനും ശിക്ഷിക്കപ്പെടുന്ന വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും സാധിക്കുന്ന മറ്റ് മാർഗങ്ങൾ നിലവിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017ൽ മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്രയാണ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചത്. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന സിആർപിസി സെക്ഷൻ 354(5) ചോദ്യം ചെയ്തായിരുന്നു ഹർജി. മാരകമായ കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ രീതികൾ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. നിരവധി വിദേശ രാജ്യങ്ങൾ തൂക്കിലേറ്റിയുള്ള വധശിക്ഷ ഉപേക്ഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കായി നിയമസഹായം നൽകുന്ന പ്രോജക്ട് 39 എയെ പ്രതിനിധീകരിച്ച് അഭിഭാഷക മീനാക്ഷി അറോറയും വാദം നടത്തി. മാരകമായ കുത്തിവെപ്പ് വഴി വധശിക്ഷ നടപ്പാക്കുന്ന രീതിയുടെ കാര്യക്ഷമത സംബന്ധിച്ച് ആശങ്കകളുണ്ടെന്നും വിഷയം വിശദമായി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി നേരത്തെ വിഷയത്തിൽ സർക്കാർ പരിശോധന നടത്തിവരികയാണെന്ന് കോടതിയെ അറിയിച്ചിരുന്നു. നിലവിലെ രീതി തുടരുന്നതിനൊപ്പം ബദൽ മാർഗങ്ങളെക്കുറിച്ചുള്ള പഠനത്തിനുള്ള സാധ്യതയും കോടതി തുറന്നിട്ടിരിക്കുകയാണ്.