തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതായും, ഇത് ഒഡീഷ തീരത്തേക്ക് നീങ്ങി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന് മുകളിലെ തീരദേശ ന്യൂനമർദ്ദ പാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദ്ദവുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതായും, ഇത് ഒഡീഷ തീരത്തേക്ക് നീങ്ങി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴയുടെ തീവ്രത കണക്കിലെടുത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ജൂലൈ 9 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കർണാടക തീരത്ത് ജൂലൈ 8 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിനും പ്രക്ഷുബ്ധ സാഹചര്യങ്ങൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
Comments ()