വായുമലിനീകരണം കുറയ്ക്കാൻ ദില്ലിയിൽ 104 കോടിയുടെ പദ്ധതി; 40 ഇടങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കും
ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ (DPCC) നേതൃത്വത്തിൽ ഖാൻ മാർക്കറ്റ്, കണോട്ട് പ്ലേസ്, ഡിഫൻസ് കോളനി തുടങ്ങിയ ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പരീക്ഷിക്കും
ദില്ലി: തലസ്ഥാനത്തെ വായുമലിനീകരണത്തിന് പരിഹാരം കണ്ടെത്താൻ സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സഹായത്തോടെ 104 കോടി രൂപയുടെ പൈലറ്റ് പദ്ധതി നടപ്പാക്കാനൊരുങ്ങി ദില്ലി സർക്കാർ. ഒരു വർഷം നീളുന്ന പദ്ധതിയിലൂടെ നഗരത്തിലെ 40 പ്രധാന കേന്ദ്രങ്ങളിൽ പിഎം10, പിഎം2.5 മലിനീകരണ കണങ്ങളുടെ അളവ് 20 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം. ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ (DPCC) നേതൃത്വത്തിൽ ഖാൻ മാർക്കറ്റ്, കണോട്ട് പ്ലേസ്, ഡിഫൻസ് കോളനി തുടങ്ങിയ ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പരീക്ഷിക്കും.
വാണിജ്യ മേഖലകൾ, വ്യാപാര കേന്ദ്രങ്ങൾ, ഗതാഗത ഹബ്ബുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടുന്ന വിവിധ ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ആകെ തിരഞ്ഞെടുത്ത 40 കേന്ദ്രങ്ങളിൽ 29 എണ്ണവും വാണിജ്യ മേഖലകളിലാണ്. സെൻട്രൽ, സൗത്ത് ദില്ലി മേഖലകളിലായി 19 കേന്ദ്രങ്ങളുണ്ട്. കണോട്ട് പ്ലേസിലെ സെൻട്രൽ പാർക്ക്, ഇന്ത്യാ ഗേറ്റിലെ ചിൽഡ്രൻസ് പാർക്ക്, ലോട്ടസ് ടെമ്പിൾ പരിസരം, ആനന്ദ് വിഹാർ, കശ്മീരി ഗേറ്റ്, സാരായ് കാലേ ഖാൻ ബസ് ടെർമിനലുകൾ എന്നിവയും ആശുപത്രികളും ദില്ലി സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റിയും പദ്ധതിയുടെ ഭാഗമാണ്. പ്രധാന റോഡുകളിലും മലിനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കും.
ഔട്ട്ഡോർ എയർ പ്യൂരിഫയറുകൾ, മിസ്റ്റ് അധിഷ്ഠിത സ്ക്രബ്ബറുകൾ, ഇലക്ട്രോസ്റ്റാറ്റിക് പ്രെസിപിറ്റേറ്ററുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ കമ്പനികൾക്ക് അവസരം നൽകും. എന്നാൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് സർക്കാർ ലബോറട്ടറിയുടെ അംഗീകാരം ഉണ്ടായിരിക്കണം. ഓസോൺ പുറന്തള്ളൽ, അമിത ശബ്ദം തുടങ്ങിയ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കും. സ്ഥാപിക്കുന്ന സെൻസറുകൾ വഴി വായുവിന്റെ ഗുണനിലവാരം ദിവസേന നിരീക്ഷിക്കുകയും പദ്ധതിയുടെ ഫലം വിലയിരുത്താൻ സ്വതന്ത്ര സമിതിയെ നിയോഗിക്കുകയും ചെയ്യും.
Comments ()