നാലുപവൻ സ്വർണത്തിനായി സഹപ്രവർത്തകയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

തിരുപ്പൂർ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശരവണൻ (23) ആണ് പിടിയിലായത്. ഇതേ ആശുപത്രിയിലെ നഴ്സായ രാമനാഥപുരം സ്വദേശിനി ഉത്തര (26) ആണ് കൊല്ലപ്പെട്ടത്

നാലുപവൻ സ്വർണത്തിനായി സഹപ്രവർത്തകയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ യുവ നഴ്സിനെ കൊലപ്പെടുത്തി സ്വർണമാല കവർന്ന സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. തിരുപ്പൂർ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശരവണൻ (23) ആണ് പിടിയിലായത്. ഇതേ ആശുപത്രിയിലെ നഴ്സായ രാമനാഥപുരം സ്വദേശിനി ഉത്തര (26) ആണ് കൊല്ലപ്പെട്ടത്. നാലുപവന്റെ താലിമാല മോഷ്ടിക്കാനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഒക്ടോബർ 15 മുതൽ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒക്ടോബർ 17ന് വിജയമംഗലം ടോൾഗേറ്റിന് സമീപമുള്ള വിജനമായ സ്ഥലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിൽ ഉത്തരയുടെ സഹപ്രവർത്തകനായ ശരവണനിലേക്ക് സംശയം നീളുകയും പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവദിവസം ബൈക്കിൽ ഉത്തരയെ ടോൾഗേറ്റിന് സമീപത്തെത്തിച്ച പ്രതി അവിടെവെച്ച് കൊലപ്പെടുത്തിയശേഷം താലിമാലയുമായി കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണമാല പ്രതിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശരവണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, സംഭവത്തെച്ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ പോരും ശക്തമായി. സംസ്ഥാനത്തെ ക്രമസമാധാനനില മോശമായെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെ സർക്കാരിനെതിരെ രംഗത്തെത്തി. പൊലീസ് വകുപ്പിന്റെ ചുമതല നിർവഹിക്കുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വിമർശിച്ചു. സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിവേട്ടകളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.