മഴ കുറഞ്ഞിട്ടും വെള്ളപ്പൊക്കം, കുട്ടനാട് ഇപ്പോഴും പ്രളയക്കെടുതിയിൽ; തിരുവല്ലയിൽ വെള്ളക്കെട്ട് രൂക്ഷം
അപ്പർ കുട്ടനാടും എം.സി റോഡിന്റെ വിവിധ ഭാഗങ്ങളും വെള്ളക്കെട്ടിൽപ്പെട്ടതോടെ ഗതാഗതം താറുമാറായി. തിരുമൂലപുരം, കടപ്ര, എടത്വ, വീയപുരം, പാണ്ടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിലും ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞെങ്കിലും പ്രളയക്കെടുതിയുടെ ആഘാതം പല ജില്ലകളിലും തുടരുകയാണ്. ഏറ്റവും ഗുരുതര സ്ഥിതിയാണ് പത്തനംതിട്ട ജില്ലയിൽ. ആറന്മുള, റാന്നി, തിരുവല്ല, അടുമ്പാട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അപ്പർ കുട്ടനാടും എം.സി റോഡിന്റെ വിവിധ ഭാഗങ്ങളും വെള്ളക്കെട്ടിൽപ്പെട്ടതോടെ ഗതാഗതം താറുമാറായി. തിരുമൂലപുരം, കടപ്ര, എടത്വ, വീയപുരം, പാണ്ടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിലും ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
തിരുവല്ലയിൽ മാത്രം ആറായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. സി.എം.എസ് ഹൈസ്കൂൾ ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ ആളുകളുടെ എണ്ണം മണിക്കൂറുകൾക്കിടെ വർധിക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ക്യാമ്പുകളുടെ എണ്ണം 150 കടക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ചാത്തങ്കരി ഉൾപ്പെടെയുള്ള അപ്പർ കുട്ടനാട് മേഖലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇതോടെ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതമായി ചില ആശുപത്രികളുടെ പ്രവർത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്. മഴയ്ക്ക് ശമനം ലഭിച്ചെങ്കിലും വെള്ളം ഇറങ്ങാൻ വൈകുന്നതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്.
Comments ()