പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല; അയ്യപ്പഭക്തരെ ബോധവൽക്കരിക്കണമെന്ന് ഹൈക്കോടതി

ഭക്തർ നദിയിൽ കുളിച്ചശേഷം ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ പമ്പയുടെ ശുചിത്വത്തിന് വലിയ ഭീഷണിയാകുന്നുവെന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ നിർദേശം

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല; അയ്യപ്പഭക്തരെ ബോധവൽക്കരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർ പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്ന പ്രവണത തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന കാര്യം തീർഥാടകരെ ബോധ്യപ്പെടുത്തണം. ഇതിനായി വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഭക്തർ നദിയിൽ കുളിച്ചശേഷം ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ പമ്പയുടെ ശുചിത്വത്തിന് വലിയ ഭീഷണിയാകുന്നുവെന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

ശബരിമലയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരായ ബോധവൽക്കരണ സന്ദേശങ്ങൾ ശബ്ദരേഖയായി പ്രക്ഷേപണം ചെയ്യണം. വസ്ത്രങ്ങൾ മാത്രമല്ല, പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ തുടങ്ങിയവയും പമ്പാ നദിയിലോ തീരപ്രദേശങ്ങളിലോ ഉപേക്ഷിക്കരുതെന്ന് ഭക്തർക്ക് മുന്നറിയിപ്പ് നൽകണം. കൃത്രിമ കുങ്കുമം ഉപയോഗിക്കരുതെന്ന നിർദേശവും പ്രചാരണത്തിന്റെ ഭാഗമാക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോധവൽക്കരണത്തിനായി തയ്യാറാക്കുന്ന ഓഡിയോ സന്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. യാത്രയ്ക്കിടയിലും തീർഥാടകർക്ക് നിർദേശങ്ങൾ കേൾക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എരുമേലി വലിയ തോട്ടിൽ വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതും തടയണം. പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി വാട്ടർപ്രൂഫ് ബിന്നുകൾ സ്ഥാപിക്കണമെന്നും നിരീക്ഷണത്തിനായി ക്യാമറകൾ ഒരുക്കണമെന്നുമുള്ള ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തീർഥാടനകാലത്ത് പമ്പയുടെയും പരിസരപ്രദേശങ്ങളുടെയും ശുചിത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.