ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം; മക്കള്‍ക്ക് വിഷം നല്‍കി പിതാവ്, ആറുവയസ്സുകാരി മരിച്ചു
കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
തൃശൂർ: പെരുമ്പിലാവിൽ പിതാവ് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് കുട്ടികളിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതികയാണ് മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ച ഏഴുവയസുള്ള സഹോദരൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നുണ്ടായ മാനസിക അസ്വസ്ഥതയുടെ പശ്ചാത്തലത്തിലാണ് മുത്തു മക്കൾക്ക് എലിവിഷം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്കിടെ പൊലീസ് കാവലിലായിരുന്ന മുത്തു ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ കണ്ടെത്തി വീണ്ടും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments ()