ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ ആരോഗ്യപ്രശ്നങ്ങൾ

സ്ഥിരമായി എട്ട് മുതൽ ഒൻപത് മണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ  ആരോഗ്യപ്രശ്നങ്ങൾ

ഓഫീസിലോ വീട്ടിലോ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഇന്ന് പലരുടെയും ജീവിതശൈലിയുടെ ഭാഗമാണ്. എന്നാൽ മണിക്കൂറുകളോളം ചലനമില്ലാതെ ഇരിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്. സ്ഥിരമായി എട്ട് മുതൽ ഒൻപത് മണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം ഇരിക്കുന്ന സമയമാത്രമല്ല, ഇടയ്ക്കിടെ ശരീരം ചലിപ്പിക്കാത്തതുമാണ്.

ദീർഘനേരം ഇരിക്കുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ

1. ഹൃദയാരോഗ്യം തകരാം

ശരീരം ചലിക്കാതിരിക്കുമ്പോൾ രക്തചംക്രമണം മന്ദഗതിയിലാകും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്‌ട്രോൾ വർധിക്കാനും ഹൃദ്രോഗസാധ്യത ഉയരാനും ഇടയാക്കും.

2. പ്രമേഹസാധ്യത ഉയരും

തുടർച്ചയായി ഇരിക്കുന്നത് ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണം താളം തെറ്റുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

3. അമിതവണ്ണവും മെറ്റബോളിക് പ്രശ്നങ്ങളും

കലോറി ചെലവാകാതെ വരുന്നതോടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇതിലൂടെ അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ അവസ്ഥകൾക്ക് സാധ്യത കൂടും.

4. നടുവേദനയും കഴുത്തുവേദനയും

ഒരേ നിലയിൽ ഏറെ നേരം ഇരിക്കുന്നത് നട്ടെല്ലിനും പേശികൾക്കും അധിക സമ്മർദ്ദം സൃഷ്ടിക്കും. നടുവേദന, കഴുത്തിലെ കാഠിന്യം, തോളുവേദന, പേശികളുടെ ബലക്കുറവ് എന്നിവ പതിവാകാം.

5. രക്തം കട്ടപിടിക്കാനുള്ള സാധ്യത

കാലുകൾ ചലിപ്പിക്കാതെ ദീർഘനേരം ഇരിക്കുമ്പോൾ രക്തയോട്ടം കുറയും. ചിലരിൽ ഡീപ് വെയിൻ ത്രോംബോസിസ് (DVT) പോലുള്ള ഗുരുതര അവസ്ഥകൾക്കും ഇത് കാരണമായേക്കാം.

6. മാനസികാരോഗ്യത്തെയും ബാധിക്കും

വ്യായാമക്കുറവും ദീർഘനേരം ഇരിക്കുന്ന ശീലവും വിഷാദം, ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ആരോഗ്യം സംരക്ഷിക്കാൻ എന്ത് ചെയ്യാം?

ഓരോ 30 മുതൽ 60 മിനിറ്റിലും എഴുന്നേറ്റ് രണ്ടോ മൂന്നോ മിനിറ്റ് നടക്കുകയോ ശരീരം ചലിപ്പിക്കുകയോ ചെയ്യുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക. ജോലി ചെയ്യുന്ന സമയത്ത് ശരിയായ ഇരിപ്പുനില പാലിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ദീർഘനേരം ഇരിക്കുന്നതിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.