എഐ ക്യാന്‍സര്‍ എന്ന് വിധിയെഴുതി, ഡോക്ടറുടെ പരിശോധനയില്‍ ഒന്നുമില്ല; വ്യാജ രോഗനിര്‍ണയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

ഏതൊരു ആരോഗ്യ പരിശോധനയും തുടങ്ങേണ്ടത് മെഷീനുകളില്‍ നിന്നോ ലാബുകളില്‍ നിന്നോ ആകരുത്, മറിച്ച് നിങ്ങളുടെ ഡോക്ടറുടെ അടുത്ത് നിന്നായിരിക്കണം

എഐ ക്യാന്‍സര്‍ എന്ന് വിധിയെഴുതി, ഡോക്ടറുടെ പരിശോധനയില്‍ ഒന്നുമില്ല; വ്യാജ രോഗനിര്‍ണയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

ആഡംബര ആരോഗ്യ പരിപാലന രംഗത്തെ പുത്തന്‍ പ്രവണതകള്‍ക്കെതിരെയും, മെഡിക്കല്‍ എഐ സാങ്കേതികവിദ്യയുടെ അമിത വാണിജ്യവല്‍ക്കരണത്തിനെതിരെയും പ്രമുഖ മെഡിക്കല്‍ വിദഗ്ദ്ധര്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത്. കൃത്യതയില്ലാത്ത എഐ സ്‌ക്രീനിംഗ് ടൂളുകള്‍ നല്‍കുന്ന തെറ്റായ രോഗനിര്‍ണ്ണയങ്ങള്‍ രോഗികളില്‍ ഗുരുതരമായ മാനസികാഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഡോക്ടര്‍ വെളിപ്പെടുത്തിയതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്.

ഒരു പ്രമുഖ ക്ലിനിക്കില്‍ 20,000 രൂപയുടെ എഐ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് ചെയ്ത 40 വയസ്സുകാരിക്ക് സംഭവിച്ച കാര്യങ്ങളാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. എഐ ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയ സ്ത്രീക്ക് മാരകമായ രോഗമുണ്ടെന്ന തരത്തില്‍ തെറ്റായ റിപ്പോര്‍ട്ട് വരികയായിരുന്നു. ഇത് അവരെ മാനസികമായി പൂര്‍ണ്ണമായും തളര്‍ത്തിയെന്നും, തുടര്‍ന്ന് ഈ അല്‍ഗോരിതം തെറ്റാണെന്ന് തെളിയിക്കാന്‍ 10,000 രൂപ കൂടി ചെലവഴിച്ച് മറ്റ് ശാസ്ത്രീയ മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ടി വന്നുവെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

മെഡിക്കല്‍ രംഗത്തെ എഐ സാങ്കേതികവിദ്യയുടെ അമിത വാണിജ്യവല്‍ക്കരണത്തെക്കുറിച്ചുള്ള കടുത്ത വാദപ്രതിവാദങ്ങള്‍ക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്. ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും അതിന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വഴികളും, സൂക്ഷ്മമായ പരിശോധനാ രീതികളും, വിദഗ്ദ്ധരുടെ നേരിട്ടുള്ള മേല്‍നോട്ടവും ആവശ്യമാണെന്നും ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ സംഭവം മെഡിക്കല്‍ രംഗത്തെ എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളാണിവ, ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. അതിന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വഴികള്‍ മാത്രമേ സ്വീകരിക്കാവൂ. എഐ ടൂളുകളെ മാത്രം ആശ്രയിക്കാതെ, സൂക്ഷ്മമായ പരിശോധനാ രീതികളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടവും രോഗനിര്‍ണ്ണയത്തിന് അത്യന്താപേക്ഷിതമാണ്. കേവലം ബിസിനസ്സ് ലക്ഷ്യത്തോടെയുള്ള ഇത്തരം ആഡംബര സ്‌ക്രീനിംഗ് പാക്കേജുകള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.

മാത്രമല്ല, ഏതൊരു ആരോഗ്യ പരിശോധനയും തുടങ്ങേണ്ടത് മെഷീനുകളില്‍ നിന്നോ ലാബുകളില്‍ നിന്നോ ആകരുത്, മറിച്ച് നിങ്ങളുടെ ഡോക്ടറുടെ അടുത്ത് നിന്നായിരിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
സാങ്കേതികവിദ്യകള്‍ എത്ര വളര്‍ന്നാലും കൃത്യമായ മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ രോഗനിര്‍ണ്ണയം നടത്തുന്നത് അപകടകരമാണെന്ന പൊതുവിലയിരുത്തലിലാണ് മെഡിക്കല്‍ ലോകം. അതേസമയം, മനുഷ്യരായ ഡോക്ടര്‍മാര്‍ക്കും വലിയ രീതിയില്‍ തെറ്റുകള്‍ പറ്റാറുണ്ടെന്ന് വാദിച്ച് ചിലര്‍ രംഗത്തെത്തി.