എൻസിബിയുടെ ഉന്നത പദവിയിൽ ഇനി മലയാളി തിളക്കം; ഡോ. സി. അനീസ് അഡീഷണൽ ഡയറക്ടർ

2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.

എൻസിബിയുടെ ഉന്നത പദവിയിൽ ഇനി മലയാളി തിളക്കം; ഡോ. സി. അനീസ് അഡീഷണൽ ഡയറക്ടർ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അഡീഷണല്‍ ഡയറക്ടറായി മലയാളി ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ഡോ. സി. അനീസിനെ നിയമിച്ചു. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ കസ്റ്റംസ് ഇന്റലിജന്‍സിലും എന്‍സിബിയിലും വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് പുതിയ നിയമനം.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്ന മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇക്കാലയളവില്‍ അതിര്‍ത്തി കടന്നുള്ള വലിയ തോതിലുള്ള ലഹരിമരുന്ന് വേട്ടയ്ക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കി. രാജ്യാന്തര തലത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് ഡോ. അനീസ് മികവ് തെളിയിച്ചിട്ടുണ്ട്. ബ്രിക്‌സ് ബിംസ്റ്റെക്, ആസിയാന്‍ , കൊളംബോ സെക്യൂരിറ്റി കണ്‍ക്ലേവ് തുടങ്ങിയ ആഗോള ഉന്നതതല വേദികളില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു.