സഹോദരിയുടെ വീട്ടിലേക്കുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു, വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണനൂർ ദേശീയപാത ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കും പോകുന്നതിനിടെയായിരുന്നു അപകടം. രജിത സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതോടെ ഇവർ റോഡിലേക്ക് തെറിച്ചുവീണു

സഹോദരിയുടെ വീട്ടിലേക്കുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു, വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ.ആർ. രജിത (48) ആണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്കൂളിൽ ഹിന്ദി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

കണ്ണനൂർ ദേശീയപാത ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കും പോകുന്നതിനിടെയായിരുന്നു അപകടം. രജിത സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതോടെ ഇവർ റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ ഇതുവഴി കടന്നുപോയ ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് വി. പ്രവീൺ അമൃത വിശ്വവിദ്യാപീഠത്തിൽ ജോലി ചെയ്യുന്നു. മക്കൾ ഭദ്ര, കോലഞ്ചേരി എസ്.എൻ.ജി.എസ് കോളജിലെ എൻജിനീയറിങ് വിദ്യാർഥിനിയും ഗൗരി കാണിക്കമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. പിതാവ് കെ.ജി. രാജൻ, മാതാവ് അംബുജാക്ഷി. സഹോദരങ്ങൾ കെ.ആർ. കവിത, അഡ്വ. കെ.ആർ. സവിത, കെ.ആർ. സജു എന്നിവരാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.