ജിദ്ദയിൽ പിടിച്ചെടുത്ത മരുന്നുകൾ ലഹരിയല്ല; കസ്റ്റഡിയിലായ മലയാളി നഴ്സിന് മോചനം

വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. നാട്ടിൽ അവധിക്കാലം ചെലവഴിച്ച ശേഷം ജോലിയിൽ പ്രവേശിക്കാനായി ഈ മാസം പത്തിനാണ് ഇവർ സൗദിയിലേക്ക് മടങ്ങിയത്

ജിദ്ദയിൽ പിടിച്ചെടുത്ത മരുന്നുകൾ ലഹരിയല്ല; കസ്റ്റഡിയിലായ മലയാളി നഴ്സിന് മോചനം

റിയാദ്: സൗദി അറേബ്യയിൽ നിരോധിത മരുന്നുകൾ കൈവശം വെച്ചെന്ന സംശയത്തിൽ ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിനയെ അധികൃതർ വിട്ടയച്ചു. ഇവരുടെ ബാഗിൽനിന്ന് കണ്ടെത്തിയ മരുന്നുകൾ ലഹരിമരുന്നുകളുടെ വിഭാഗത്തിൽപ്പെടുന്നില്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.

വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. നാട്ടിൽ അവധിക്കാലം ചെലവഴിച്ച ശേഷം ജോലിയിൽ പ്രവേശിക്കാനായി ഈ മാസം പത്തിനാണ് ഇവർ സൗദിയിലേക്ക് മടങ്ങിയത്. ബെംഗളൂരുവിൽനിന്ന് ജിദ്ദയിലെത്തിയ ശേഷം കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.

ജിദ്ദ വിമാനത്താവളത്തിൽ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് സൗദിയിൽ നിയന്ത്രണമുള്ള ചില മരുന്നുകൾ ബാഗിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കസ്റ്റംസ് അധികൃതർ ഫിലോമിനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗവും മരുന്നുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

പരിശോധനയിൽ പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നുകളല്ലെന്നും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണെന്നും വ്യക്തമായി. ഇതോടെ ഫിലോമിനയ്ക്കെതിരായ തുടർനടപടികൾ അവസാനിപ്പിച്ച് അധികൃതർ അവരെ വിട്ടയച്ചു.