'സ്ക്രോൾ വാർത്ത' തുണയായി;ദുബായിയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ഡോ. തോമസ് കോയാട്ടിന്റെ സഹായം

ആവശ്യമെങ്കിൽ തൊഴിൽ നൽകാമെന്നും വാഗ്ദാനം

'സ്ക്രോൾ വാർത്ത' തുണയായി;ദുബായിയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ഡോ. തോമസ് കോയാട്ടിന്റെ സഹായം

ദുബായ്: തൊഴിലിടത്തിലെ പീഡനങ്ങളും അതിന് പിന്നാലെയെത്തിയ കള്ളക്കേസും മൂലം ദുബായിയില്‍ ദുരിതത്തിലായ എറണാകുളം സ്വദേശിനിക്ക് പ്രവാസി സാഹോദര്യത്തിന്റെ കാവലായി ഡോ. തോമസ് കോയാട്ടിന്റെ സഹായഹസ്തം. നാട്ടിലേക്ക് മടങ്ങാനാവാതെ, പണമില്ലാതെ വലഞ്ഞ 46-കാരിയായ വീട്ടമ്മയ്ക്കാണ് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.തോമസ് കോയാട്ട്
തുണയായത്. ഒക്ടോബര്‍ 23ന് 'സ്‌ക്രോള്‍ ഓണ്‍ലൈന്‍' പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് അടിയന്തര ഇടപെടല്‍. വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ഇമിഗ്രേഷന്‍ പിഴയടക്കാനും നാട്ടിലേക്കുള്ള വിമാന ടിക്കറ്റെടുക്കാനുമുള്ള സാമ്പത്തിക സഹായം അദ്ദേഹം കൈമാറി.

രോഗികളായ മാതാപിതാക്കളുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമായ ഈ വീട്ടമ്മ, കുടുംബത്തിന്റെ ജീവതാളം നിലനിര്‍ത്താനാണ് പ്രവാസലോകത്തേക്ക് വീണ്ടുമെത്തിയത്. വര്‍ഷങ്ങളോളം ദുബായിയില്‍ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍, 2025 നവംബറില്‍ മറ്റൊരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ യു.എ.ഇയില്‍ എത്തുകയായിരുന്നു. എന്നാല്‍, പുതിയ തൊഴിലിടത്തില്‍ കടുത്ത മാനസിക പീഡനവും ഭക്ഷണത്തിന് പോലും നിയന്ത്രണവും നേരിടേണ്ടിവന്നു. ഗത്യന്തരമില്ലാതെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ സ്വര്‍ണം മോഷ്ടിച്ചെന്ന കള്ളപ്പരാതിയില്‍ കുടുക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ട് മാസത്തോളം യാത്രാവിലക്ക് നേരിട്ട ഇവരെ പിന്നീട് കോടതി കുറ്റവിമുക്തയാക്കി. എന്നാല്‍, ജോലി നഷ്ടപ്പെടുകയും വിസ റദ്ദാക്കപ്പെടുകയും ചെയ്തതോടെ യു.എ.ഇയില്‍ തുടരേണ്ടിവന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറി. നിയമപ്രശ്‌നങ്ങള്‍ക്ക് പിന്നാലെ വിസയുമായി ബന്ധപ്പെട്ട പിഴ കുതിച്ചുയര്‍ന്നതോടെ നാട്ടിലേക്കുള്ള മടക്കയാത്ര പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലായി. കുടുംബത്തെ സഹായിക്കാന്‍ വീണ്ടും തൊഴില്‍ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, യാത്രക്കുള്ള പണം പോലും കൈവശമില്ലാതെ പരിചയക്കാരുടെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവര്‍.

ഈ നിസ്സഹായാവസ്ഥ 'സ്‌ക്രോള്‍ ഓണ്‍ലൈന്‍' വാര്‍ത്തയാക്കിയതോടെയാണ് പ്രവാസി ലോകം ഇവരുടെ ദുരിതമറിഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഡോ. തോമസ് കോയാട്ട് ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തു. ഒരു പ്രവാസിയുടെ കണ്ണീരിന് മറ്റൊരു പ്രവാസി നല്‍കുന്ന ഏറ്റവും വലിയ സാന്ത്വനമായി മാറി ഈ ഇടപെടല്‍. നാട്ടിലേക്ക് മടങ്ങാനുള്ള സഹായത്തിന് പുറമെ, ഇവര്‍ക്ക് തുടര്‍ന്ന് ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കാനും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇതോടെ പ്രതിസന്ധിയുടെ കടമ്പ കടക്കുന്നതിനൊപ്പം ഈ കുടുംബത്തിന്റെ ഭാവി ജീവിതത്തിന് വലിയൊരു പ്രതീക്ഷ കൂടിയാണ് കൈവന്നിരിക്കുന്നത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ് ആന്‍ഡ് പിറ്റ്ബുള്‍ സേഫ്റ്റി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. തോമസ് കോയാട്ട്, വിഷനറി ഇന്റര്‍നാഷനല്‍ സ്ട്രാറ്റജി ആന്‍ഡ് ട്രേഡ് അലയന്‍സിന്റെ (വിസ്റ്റ) ഗ്ലോബല്‍ പ്രസിഡന്റ് കൂടിയാണ്. നൂറുകണക്കിന് ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തണലൊരുക്കുന്ന ലില്ലി സ്‌പെഷല്‍ സ്‌കൂളിന്റെ അമരക്കാരനായ അദ്ദേഹം, കോയാട്ട് ഫൗണ്ടേഷനിലൂടെ നിര്‍ധനര്‍ക്ക് വീട് വെച്ചുനല്‍കുന്നതുള്‍പ്പെടെ സമാനതകളില്ലാത്ത ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്.