കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ ക്രൂരത; രാത്രി യുവതിയെ ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ ക്രൂരത; രാത്രി യുവതിയെ ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ, കിലോമീറ്ററുകളോളം മുന്നോട്ട് കൊണ്ടുപോയി ആറുവരിപ്പാതയ്ക്ക് നടുവില്‍ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ യുവതി പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഏറെ ദൂരം പിന്നിട്ട ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവിലായി ഇറക്കിവിട്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസുകള്‍ സര്‍വീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും, ആറുവരിപ്പാതയുടെ പ്രധാന ഭാഗത്ത് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജീവനക്കാരുടെ ഈ നടപടി. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ മറ്റൊരു യുവതിക്ക് ഇതേ പാതയില്‍ ദുരനുഭവം നേരിട്ടിരുന്നു. അന്ന് ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഏണി ഉപയോഗിച്ചാണ് ആ യുവതിക്ക് സര്‍വീസ് റോഡിലേക്ക് ഇറങ്ങേണ്ടി വന്നത്. വിവാദങ്ങളില്‍ പലതവണ ഇടംപിടിച്ചിട്ടുള്ള 'കൃതിക' ബസിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.