റിയാദിലേക്ക് പുതിയ സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ ശൈത്യകാല ഷെഡ്യൂൾ ഒക്ടോബർ 25 മുതൽ
പുതിയ ക്രമീകരണത്തിൽ ആഴ്ചയിൽ നടക്കുന്ന എയർ ട്രാഫിക് മൂവ്മെന്റുകളുടെ എണ്ണം 620ൽ നിന്ന് 644 ആയി ഉയരും. റിയാദിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനൊപ്പം ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസുകളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് പുതുക്കിയ ഷെഡ്യൂൾ നടപ്പിലാക്കുക. കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് ആകെ പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയാണ് ഇത്തവണ ഉണ്ടാകുന്നത്.
പുതിയ ക്രമീകരണത്തിൽ ആഴ്ചയിൽ നടക്കുന്ന എയർ ട്രാഫിക് മൂവ്മെന്റുകളുടെ എണ്ണം 620ൽ നിന്ന് 644 ആയി ഉയരും. റിയാദിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനൊപ്പം ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ 12 ശതമാനം വളർച്ചയുണ്ടാകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ ആഴ്ചയിൽ 294 സർവീസുകളുള്ള ആഭ്യന്തര മേഖലയിൽ പുതിയ ഷെഡ്യൂൾ പ്രകാരം ഇത് 328 ആയി ഉയരും.
അന്താരാഷ്ട്ര മേഖലയിൽ അബുദാബിയിലേക്ക് 68, ഷാർജയിലേക്ക് 56, മാലെയിലേക്ക് 24, ദുബൈയിലേക്ക് 22, ക്വാലാലംപൂരിലേക്ക് 22, മസ്കത്തിലേക്ക് 20, കുവൈത്തിലേക്ക് 20, ദോഹയിലേക്ക് 20, ബഹ്റൈനിലേക്ക് 18, സിംഗപ്പൂരിലേക്ക് 14, ദമ്മാമിലേക്ക് 14, കൊളംബോയിലേക്ക് 8, റിയാദിലേക്ക് 6, ഹനിമാധുവിലേക്ക് 4 എന്നിങ്ങനെ പ്രതിവാരം സർവീസുകളുണ്ടാകും. ആകെ 316 അന്താരാഷ്ട്ര പ്രതിവാര സർവീസുകളാണ് ഷെഡ്യൂളിലുള്ളത്.
ആഭ്യന്തര സർവീസുകളിൽ ബെംഗളൂരുവിലേക്ക് 96, ഡൽഹിയിലേക്ക് 68, മുംബൈയിലേക്ക് 56, ചെന്നൈയിലേക്ക് 44, ഹൈദരാബാദിലേക്ക് 28, കൊച്ചിയിലേക്ക് 14, നവി മുംബൈയിലേക്ക് 14, കണ്ണൂരിലേക്ക് 8 എന്നിങ്ങനെയാണ് പ്രതിവാര സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ശൈത്യകാലത്ത് യാത്രക്കാർക്ക് കൂടുതൽ വിമാന സർവീസുകൾ ലഭ്യമാകും.
Comments ()