ഇത്തിഹാദ് റെയിൽ: യു.എ.ഇയുടെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതി

ഇത്തിഹാദ് റെയിലിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ഡോ. തോമസ് കോയാട്ട്

ഇത്തിഹാദ് റെയിൽ: യു.എ.ഇയുടെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതി

ഇത്തിഹാദ് റെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലോജിസ്റ്റിക് അഡ്വാന്റേജാണ്. യാത്രക്കാരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്ന ഗതാഗത സംവിധാനമെന്നതിനപ്പുറം, രാജ്യത്തിന്റെ ചരക്ക് നീക്കത്തിനും വ്യാവസായിക വളർച്ചയ്ക്കും വേഗം പകരുന്ന അടിസ്ഥാനസൗകര്യമായി ഈ പദ്ധതി മാറും. ഗതാഗതച്ചെലവ് കുറയുകയും ചരക്ക് കൈമാറ്റം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടക്കുകയും ചെയ്യുന്നതോടെ യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്താകും ലഭിക്കുക.

ഈ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം രാജ്യത്തിനകത്തും ജി.സി.സി. മേഖലയിലുമുള്ള കണക്ടിവിറ്റിയുടെ വർധനയാണ്. വിവിധ എമിറേറ്റുകളെ മാത്രമല്ല, ഭാവിയിൽ മറ്റ് ജി.സി.സി. രാജ്യങ്ങളുമായും റെയിൽ ശൃംഖല ബന്ധിപ്പിക്കപ്പെടുമ്പോൾ വ്യാപാരത്തിനും വ്യവസായത്തിനും പുതിയ സാധ്യതകൾ തുറക്കും. ട്രക്കിങ് മേഖല നേരിടുന്ന സമയനഷ്ടവും ചെലവും കുറയ്ക്കാൻ കഴിയുന്നതോടെ ലോജിസ്റ്റിക്‌സ് മേഖലയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

ചെലവ് കുറഞ്ഞ ഗതാഗത സംവിധാനം എന്നതും ഇത്തിഹാദ് റെയിലിന്റെ മറ്റൊരു പ്രധാന നേട്ടമാണ്. വേഗതയേറിയതും സാമ്പത്തികമായി പ്രയോജനകരവുമായ യാത്രാസൗകര്യം ലഭിക്കുന്നതോടെ ദൂരെയുള്ള നഗരങ്ങളിലേക്ക് ജോലി ചെയ്യാൻ ആളുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ദിവസേന ദീർഘദൂരം യാത്ര ചെയ്യുന്നവരുടെ സമയലാഭത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകരമാകും.

പരിസ്ഥിതി സംരക്ഷണത്തിനും പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ കാർബൺ പുറന്തള്ളൽ കുറയും. അതോടൊപ്പം അബുദാബി ഉൾപ്പെടെയുള്ള പ്രധാന ഹൈവേകളിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയുമെന്നാണ് പ്രതീക്ഷ. റോഡ് ഗതാഗതത്തിന് ഒരു ബദൽ സൃഷ്ടിക്കുന്നതിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ യാത്രാ സംവിധാനത്തിലേക്കുള്ള വലിയ ചുവടുവയ്പായാണ് ഇത്തിഹാദ് റെയിലിനെ കാണുന്നത്.

ഈ പദ്ധതി നഗരങ്ങളുടെ വികസന മാതൃകയെയും മാറ്റിമറിച്ചേക്കും. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പുകളും വാണിജ്യ കേന്ദ്രങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ വികസനം കുറവുള്ള പ്രദേശങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിക്കുകയും പുതിയ താമസമേഖലകൾ ഉയർന്നുവരികയും ചെയ്യും. ഇതോടെ കുറഞ്ഞ വാടകയിലുള്ള താമസസൗകര്യങ്ങളും പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. നഗരവത്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്കുള്ള വഴിയൊരുക്കുന്ന വികസനമായിരിക്കും ഇത്.

ലോകത്തിലെ പ്രധാന നഗരങ്ങളായ ബോംബെയും ഹോങ്കോങ്ങും പോലെ, റെയിൽവേ സ്റ്റേഷനുകളെ ചുറ്റിപ്പറ്റി പുതിയ നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും വളർന്നുവന്ന മാതൃക യു.എ.ഇയിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഒരു ഗതാഗത പദ്ധതി എന്നതിലുപരി, പുതിയ നഗരസംസ്കാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക വികസനത്തിനും പ്രചോദനമാകുന്ന ദേശീയ പദ്ധതിയായാണ് ഇത്തിഹാദ് റെയിലിനെ വിലയിരുത്തേണ്ടത്

ഡോ. തോമസ് കോയാട്ട്, പ്രസിഡന്റ്
ഭാരതീയ പ്രവാസി ഫെഡറേഷൻ