ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ നേതൃത്വം; ഡോ. വിഷ്ണു വർധൻ റെഡ്ഡി കോൺസൽ ജനറൽ
വിദേശകാര്യ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ഡോ. റെഡ്ഡി ദുബായിലെത്തുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ നിർണായക വിഭാഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, അന്താരാഷ്ട്ര സഹകരണവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ദുബായ്: ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലേറ്റിന് പുതിയ നേതൃത്വം. ഇന്ത്യൻ വിദേശകാര്യ സേവനത്തിലെ (IFS) 2008 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിയെ പുതിയ കോൺസൽ ജനറലായി നിയമിച്ചു. നിലവിലെ കോൺസൽ ജനറലായ സതീഷ് കുമാർ ശിവന്റെ കാലാവധി പൂർത്തിയായതോടെയാണ് പുതിയ നിയമനം.
വിദേശകാര്യ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ഡോ. റെഡ്ഡി ദുബായിലെത്തുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ നിർണായക വിഭാഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, അന്താരാഷ്ട്ര സഹകരണവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
സ്പെയിനിലെ മാഡ്രിഡിലുള്ള ഇന്ത്യൻ എംബസിയിൽ ഉൾപ്പെടെ വിദേശ ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. റെഡ്ഡി, പിന്നീട് ഹൈദരാബാദിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായും തെലങ്കാന സർക്കാരിൽ നിക്ഷേപ പ്രോത്സാഹന-വിദേശകാര്യ ഇടപെടൽ വിഭാഗത്തിന്റെ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഗൾഫ് മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക നിയമനമാണിത്. ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിലൊന്നായ ദുബായിലും വടക്കൻ എമിറേറ്റുകളിലും കോൺസുലർ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയും ചെയ്യുക എന്നതാകും പുതിയ കോൺസൽ ജനറലിന്റെ പ്രധാന ചുമതലകളിലൊന്ന്.
Comments ()