കാഞ്ഞിരപ്പള്ളിയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർ മനഃപൂർവം ഇടിച്ചുകയറ്റിയതെന്ന് പൊലീസ്; അറസ്റ്റ്

മനഃപൂർവമുള്ള നരഹത്യാശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്

കാഞ്ഞിരപ്പള്ളിയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർ മനഃപൂർവം ഇടിച്ചുകയറ്റിയതെന്ന്  പൊലീസ്; അറസ്റ്റ്

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ ചോറ്റി ജംഗ്ഷനിലുണ്ടായ ഏഴു വാഹനങ്ങൾ ഉൾപ്പെട്ട അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി അമിതവേഗത്തിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കാർ ഡ്രൈവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂട്ടിക്കൽ പുത്തൂർ സ്വദേശി ശാരോണിൻ ഫിലിപ്പ് (27) അറസ്റ്റിലായി. മനഃപൂർവമുള്ള നരഹത്യാശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 8.15ഓടെയാണ് ചോറ്റി ജംഗ്ഷനിൽ അപകടമുണ്ടായത്. മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ ആദ്യം മുന്നിലുണ്ടായിരുന്ന കാറിൽ തട്ടി. പിന്നാലെ വേഗം കുറയ്ക്കാതെ മുന്നോട്ടുപോയ വാഹനം ഓട്ടോറിക്ഷയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയും മറ്റൊരു കാറിലും കൂട്ടിയിടിക്കുകയും ചെയ്തു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കാത്തുനിന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ അപകടമുണ്ടാക്കിയ കാറിന്റെ ഡോറുകൾ ലോക്കായതോടെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് ഏറെ പരിശ്രമിച്ച് ഇയാളെ പുറത്തെടുത്തത്. അപകടത്തിൽ കുട്ടികളടക്കം പത്തുപേർക്ക് പരിക്കേറ്റു. കൂട്ടിക്കൽ സ്വദേശികളായ അൻസാരി (65), സഹിൽ (31), മടുക്ക സ്വദേശികളായ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ അദ്വൈത് (9), ആവണി (4), ചോറ്റി സ്വദേശികളായ രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ത് (11), പ്ലാമുട് സ്വദേശി രാജു (71) എന്നിവർക്കാണ് പരിക്കേറ്റത്.

ശ്യാംജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് വാഹനം തലകീഴായി മറിഞ്ഞു. നാലുവയസ്സുകാരി ആവണി ഉൾപ്പെടെയുള്ളവർക്ക് ഇതിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേർ പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.