കോഴിക്കോടിന് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി? ‘കോഴിക്കോട് പറയില്ല’ എന്ന് സുരേഷ് ഗോപി
എന്തുകൊണ്ടാണ് കോഴിക്കോടിന്റെ പേര് പരിഗണിക്കാത്തതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, “അത് സിബിഐക്കാർ പിന്നെ പറയുമെന്നായിരുന്നു” മന്ത്രിയുടെ മറുപടി
കോഴിക്കോട്: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടെ കോഴിക്കോട് ജില്ലയുടെ പേര് പരാമർശിക്കില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കോഴിക്കോട്ട് വരുമെന്ന് ആരാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. “ഞാൻ കോഴിക്കോട് പറഞ്ഞിട്ടില്ല. കോഴിക്കോട് പറയുകയുമില്ല” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ടാണ് കോഴിക്കോടിന്റെ പേര് പരിഗണിക്കാത്തതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, “അത് സിബിഐക്കാർ പിന്നെ പറയുമെന്നായിരുന്നു” മന്ത്രിയുടെ മറുപടി.
അതേസമയം, കോഴിക്കോട് എയിംസിനായി പരിഗണിക്കപ്പെട്ടാൽ എതിർപ്പില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ നിലപാടിൽനിന്ന് വ്യത്യസ്തമായാണ് സുരേഷ് ഗോപിയുടെ പുതിയ പ്രതികരണം.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2014ൽ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് സ്ഥലങ്ങൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി നിർദേശം സമർപ്പിച്ചിരുന്നു. പിന്നീട് 2017ൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിലുള്ള കെഎസ്ഐഡിസിയുടെ ഭൂമി എയിംസിനായി ശുപാർശ ചെയ്തു.
2024 ഒക്ടോബറിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്ത്വത്തിലുള്ള അനുമതി നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന അനുയോജ്യമായ ഭൂമി കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും പദ്ധതി നടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുകയാണ്.
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിലെ പുറക്കാട് മണക്കൽ പാടശേഖരം എയിംസിനായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Comments ()