13 വർഷത്തിന് ശേഷം സർപ്രൈസ്; പ്രവാസി മലയാളിക്ക് നൽകാനുണ്ടായിരുന്ന കടം വീട്ടാൻ തിരച്ചിൽ, മാതൃകയായി ഒമാൻ സ്വദേശി!

കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം 425 ഒമാനി റിയാല്‍ (1.04 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഒമാന്‍ സ്വദേശി തിരികെ നല്‍കിയത്

13 വർഷത്തിന് ശേഷം സർപ്രൈസ്; പ്രവാസി മലയാളിക്ക് നൽകാനുണ്ടായിരുന്ന കടം വീട്ടാൻ തിരച്ചിൽ, മാതൃകയായി ഒമാൻ സ്വദേശി!

മസ്‌കത്ത്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ നല്‍കി ഒമാന്‍ സ്വദേശി മുഹമ്മദ് സെയ്ദ്. തന്റെ 13 വര്‍ഷം പഴക്കമുള്ള ബാധ്യത തീര്‍ത്ത് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഈ ഒമാന്‍ സ്വദേശി. അല്‍ ഐനില്‍ മുന്‍പ് സ്ഥാപനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം 425 ഒമാനി റിയാല്‍ (1.04 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് അദ്ദേഹം തിരികെ നല്‍കാനുണ്ടായിരുന്നത്.

അബുദാബിയിലെ അല്‍ ഐനില്‍ സ്ഥാപനം നടത്തിവന്നിരുന്ന മലയാളിയില്‍ നിന്നും സ്ഥിരം കസ്റ്റമര്‍ ആയിരുന്ന ഒമാന്‍ സ്വദേശി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലത്തുള്ളതാണ് ഈ ബാധ്യത. 2013-ല്‍ ഒമാന്‍ സ്വദേശിയുടെ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്ന് ചില തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും സ്ഥാപനം അടച്ചുപൂട്ടേണ്ടി വരികയും ചെയ്തു. ഇതോടെ മലയാളിക്ക് നല്‍കാനുള്ള തുക കൊടുക്കാന്‍ സാധിക്കാതെ പോയി.

നീണ്ട ഒന്‍പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ ഒമാന്‍ സ്വദേശിക്ക് അനുകൂലമായി കോടതി വിധിയെത്തി. തുടര്‍ന്ന് തന്റെ പഴയ ബാധ്യത തീര്‍ക്കാനായി അദ്ദേഹം ഈ മലയാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇതിനിടെ 2023-ല്‍ മലയാളി തന്റെ അല്‍ ഐനിലെ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ടെത്തുക എളുപ്പമായിരുന്നില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാളിയെ കണ്ടെത്താന്‍ അന്വേഷണം തുടര്‍ന്ന ഒമാന്‍ സ്വദേശി, ഒടുവില്‍ ഒമാനില്‍ ബിസിനസ് നടത്തുന്ന കല്ലമ്പലം സ്വദേശിയായ സന്തോഷ് ചാത്തന്‍പാറയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നിസ്സാം തോട്ടക്കാട് എന്നിവര്‍ വഴി ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ മുഖേനയാണ് കൊല്ലം സ്വദേശിയായ മലയാളിയെ കണ്ടെത്തിയത്.

'തന്റെ വിശ്വാസപ്രകാരം മറ്റൊരാള്‍ക്ക് നല്‍കാനുള്ള ബാധ്യതകള്‍ തീര്‍ക്കല്‍ നിര്‍ബന്ധമാണെന്ന ബോധ്യമാണ് എത്ര പ്രതിസന്ധിയുണ്ടായാലും പണം തിരികെ നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചത്' എന്ന് തുക കൈമാറിക്കൊണ്ട് ഒമാന്‍ സ്വദേശി മുഹമ്മദ് സെയ്ദ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി തുക തിരികെ ലഭിച്ച സന്തോഷത്തിലാണ് കൊല്ലം സ്വദേശിയായ പ്രവാസി. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദിനും തന്നെ കണ്ടെത്താന്‍ സഹായിച്ച സന്തോഷ് ചാത്തന്‍പാറ, നിസ്സാം തോട്ടക്കാട്, സുഹൃത്തുക്കളായ പ്രിന്‍സ് വള്ളിക്കാവ്, അരുണ്‍ ലാല്‍, റിയാസ് ബുറൈമി എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കാലമെത്ര കഴിഞ്ഞാലും മനുഷ്യത്വവും വിശ്വസ്തതയും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഈ സംഭവം പ്രവാസ ലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ കൈയടിയാണ് നേടുന്നത്.