ഡോ. തോമസ് കൊയാട്ട്: സുരക്ഷാ വ്യവസായത്തിലെ ദാർശനികൻ

തൊഴിലിടങ്ങളിലെ സുരക്ഷ കേവലം ഒരു നിയമപരമായ ബാധ്യതയല്ല, മറിച്ച് മനുഷ്യജീവൻ രക്ഷിക്കാനുള്ള ശാസ്ത്രമാണെന്ന് തെളിയിച്ച മലയാളി വ്യവസായി. ചെങ്ങന്നൂരിൽ നിന്നാരംഭിച്ച് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ ഉപകരണ വിപണിയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഡോ. തോമസ് കോയാട്ടിന്റെ ജീവിതവഴികളിലൂടെ...

ഡോ. തോമസ് കൊയാട്ട്: സുരക്ഷാ വ്യവസായത്തിലെ ദാർശനികൻ

കേരളത്തിലെ ചെങ്ങന്നൂരിൽ നിന്ന് ആരംഭിച്ച് ഗൾഫ് രാജ്യങ്ങളിലെ വ്യവസായ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഡോ. തോമസ് കോയാട്ട്. 1973-ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ബിരുദപഠനത്തിനു ശേഷം മുംബൈയിലെ പ്രശസ്തമായ വെലിങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ബിസിനസ് മാനേജ്‌മെന്റിൽ ഉന്നതപഠനം പൂർത്തിയാക്കി. 1986-ൽ യു.എ.ഇ-യിൽ സംരംഭകനായി തുടക്കം കുറിച്ച അദ്ദേഹം, 1996-ലാണ് ഫോറെസ് സേഫ്റ്റി ഗ്രൂപ്പിനും പിറ്റ്ബുൾ ഗ്രൂപ്പിനും രൂപം നൽകുന്നത്. ഇന്ന് ജി.സി.സി രാജ്യങ്ങൾക്കും മെയിൻലാൻഡ് ചൈനയ്ക്കും ഇടയിൽ പരന്നുകിടക്കുന്ന ഒരു വിപുലമായ ശൃംഖലയായി അത് വളർന്നിരിക്കുന്നു.വ്യവസായ ലോകത്തെ മാറ്റങ്ങളെക്കുറിച്ചും സുരക്ഷാ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും ഡോ. തോമസ് കോയാട്ട് സംസാരിക്കുന്നു.

എന്തുകൊണ്ട് സുരക്ഷാ ഉൽപ്പന്നങ്ങൾ?

സുരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിലേക്ക് തിരിയാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചാൽ, തികച്ചും ശാസ്ത്രീയവും മാനുഷികവുമായ ഒരു മറുപടിയാണ് അദ്ദേഹത്തിന് നൽകാനുള്ളത്. "മുൻപ് തൊഴിലിടങ്ങളിലെ സുരക്ഷാ ഉപകരണങ്ങൾ (PPE) കേവലം നിയമം പാലിക്കാനുള്ള ഒരു ബാധ്യതയോ അധികച്ചെലവോ ആയിട്ടാണ് പല കമ്പനികളും കണ്ടിരുന്നത്. എന്നാൽ ഇന്നത് മനുഷ്യജീവൻ രക്ഷിക്കുന്നതിനും ബിസിനസ്സ് സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും മികച്ച ശാസ്ത്രീയ ഉപാധിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

First Designer Safety shoes Showroom - 1996 in Oman

നിർമ്മാണം, എണ്ണ-പ്രകൃതിവാതകം (Oil & Gas), മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ അപകടസാധ്യതകൾ വളരെ വലുതാണ്. ശരിയായ രീതിയിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങൾ ഗണ്യമായി കുറയ്ക്കുകയും, അതുവഴി തൊഴിലാളികളുടെ ആത്മവിശ്വാസവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും. യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളും കടുത്ത ചൂടും വലിയൊരു വെല്ലുവിളിയാണ്. അതിനാൽ, ശരീര താപനില കൃത്യമായി നിലനിർത്തുന്ന കൂളിംഗ് ജാക്കറ്റുകൾ മുതൽ വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന മാസ്ക്കുകൾ പോലെയുള്ള ഉൽപ്പന്നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ അനിവാര്യമായി മാറിയിരിക്കുന്നു. സുരക്ഷ എന്നത് കേവലം ഒരു ഉൽപ്പന്നമല്ല, അതൊരു അവകാശവും ശാസ്ത്രവുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

Businessman Of The Year Award മുൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു.

ഗൾഫ് മേഖലയിലെ മാറ്റങ്ങൾ

ഗൾഫ് മേഖലയിലെ സുരക്ഷാ വ്യവസായത്തിന്റെ വളർച്ച ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1970-കളുടെ അവസാനത്തോടെയാണ് തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള പ്രാരംഭ ചിന്തകൾ രൂപപ്പെടുന്നത്. അക്കാലത്ത് സുരക്ഷാ ഉപകരണങ്ങൾ വളരെ അടിസ്ഥാനപരവും പരിമിതവുമായിരുന്നു. പിന്നീട് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് കുതിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 1996-ൽ ഫോറെസ് ഗ്രൂപ്പ് സ്ഥാപിതമാകുമ്പോൾ, അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വലിയൊരു കുറവ് വിപണിയിലുണ്ടായിരുന്നു. ആ വിടവ് നികത്താനാണ് തങ്ങൾ ആദ്യം പരിശ്രമിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു.

ഇന്ന് ജി.സി.സി രാജ്യങ്ങളിൽ തൊഴിൽ സുരക്ഷ എന്നത് കർശനമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇ-യിലെ പുതിയ തൊഴിൽ നിയമപ്രകാരം തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടവും ഉപകരണങ്ങളും സൗജന്യമായി നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ മാത്രമേ ഇന്ന് വിപണിയിൽ ഉപയോഗിക്കാൻ സാധിക്കൂ. സുരക്ഷയിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴയും ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്നതിനാൽ കമ്പനികൾ ഇന്ന് ഏറെ ശ്രദ്ധാലുക്കളാണ്.

സുരക്ഷാ പാദരക്ഷകളിലെ ശാസ്ത്രം

സേഫ്റ്റി ഷൂസുകൾ കേവലം കാൽപാദങ്ങളെ സംരക്ഷിക്കാനുള്ള ഒരു കട്ടിയുള്ള ആവരണം മാത്രമല്ല, മറിച്ച് സങ്കീർണ്ണമായ എഞ്ചിനീയറിംഗും ഭൗതികശാസ്ത്ര തത്വങ്ങളും ഒത്തുചേരുന്ന ഉൽപ്പന്നങ്ങളാണ്. അമേരിക്കൻ സ്റ്റാൻഡേർഡ് ആയ ASTM, യൂറോപ്യൻ സ്റ്റാൻഡേർഡ് ആയ EN ISO 20345, റഷ്യൻ സ്റ്റാൻഡേർഡ് ആയ GOST EN ISO 20345 എന്നിവയാണ് ഇതിലെ പ്രധാന മാനദണ്ഡങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ കൂടുതലും യൂറോപ്യൻ മാനദണ്ഡമാണ് പിന്തുടരുന്നത്. നിർമ്മാണ മേഖലയിലും, എണ്ണ ഖനന മേഖലയിലും കർശനമായും എസ്-3 (S3) നിലവാരത്തിലുള്ള പാദരക്ഷകളാണ് വേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. തെന്നിമാറുന്നതിൽ നിന്നും വീഴുന്ന വസ്തുക്കളിൽ നിന്നുമുള്ള പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ ഇവയ്ക്ക് മാത്രമേ സാധിക്കൂ. ഫോറെസിന്റെ പിറ്റ്ബുൾ, ഗ്രാസ്ഹോപ്പർ ബ്രാൻഡുകളിലെ മുൻനിര മോഡലുകൾ ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് പുറത്തിറങ്ങുന്നത്.

കാലങ്ങളായി കാൽപാദങ്ങളെ സംരക്ഷിക്കാൻ കട്ടിയുള്ള ഇരുമ്പാണ് (Steel Toe Caps And Mid-Sole) സേഫ്റ്റി ഷൂസുകളിൽ ഉപയോഗിച്ചിരുന്നത്. ഇതിന് ഭാരം കൂടുതലായതിനാലും, ഫ്ളക്സിബിലിറ്റി കുറവായതിനാലും, താപനില വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനാലും തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ആധുനിക ഷൂസുകളിൽ ഭാരം കുറഞ്ഞ അലോയ് അല്ലെങ്കിൽ കോമ്പോസിറ്റ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. ഇവ ലോഹരഹിതമായതിനാൽ ഇലക്ട്രീഷ്യന്മാർക്കും വിമാനത്താവളങ്ങളിലെ ജീവനക്കാർക്കും ഏറെ സുരക്ഷിതമാണ്.ആധുനിക രൂപകല്പനകളുടെ ഭാഗമായും ഭാരക്കുറവ്, വളരെ വഴക്കമുള്ളവ എന്നിവയുടെ ആവശ്യകതയിലൂടെ കടന്നുപോയ ഗവേഷണങ്ങളുടെ ഭലമായി ഇന്ന് മെറ്റീരിയൽ സ്പെസിഫിക്കേഷൻ പാടേ മാറിക്കൊണ്ടിരിക്കുകയാണ്, കൂടാതെ ഓരോ അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് രൂപകൽപന ചെയ്ത സേഫ്റ്റി ഷൂസുകളാണ് കൂടുതൽ പ്രചാരത്തിലേക്ക് വരുന്നത്.

ഭാവി ദർശനം: സ്മാർട്ട് സുരക്ഷ

2026-ഓടെ സുരക്ഷാ വ്യവസായം തികച്ചും ഡിജിറ്റലാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. നിർമ്മിത ബുദ്ധിയും (AI) ഇന്റർനെറ്റ് ഓഫ് തിങ്സും (IoT) ഈ മേഖലയെ നയിക്കും. തൊഴിലാളികളുടെ ഹൃദയമിടിപ്പും ശരീരതാപനിലയും തത്സമയം നിരീക്ഷിക്കുന്ന സ്മാർട്ട് ഹെൽമെറ്റുകൾ, എ.ഐ വഴി സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം ഉറപ്പാക്കുന്ന കമ്പ്യൂട്ടർ വിഷൻ ക്യാമറകൾ, പരിസ്ഥിതി സൗഹൃദ സുരക്ഷാ ഉൽപ്പന്നങ്ങൾ, വെർച്വൽ റിയാലിറ്റി (VR) വഴിയുള്ള പരിശീലനം എന്നിവ വരും കാലങ്ങളിൽ തൊഴിലിടങ്ങളെ മാറ്റിമറിക്കും.ഇത്തരം സുരക്ഷാ ഉപകരണങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സേഫ്റ്റി മാപ്പിങ്ങിലും, ഓഡിറ്റിംങ്ങിലും വളരെയധികം സ്വാധീനം ചൊലുത്തുന്നതിലൂടെ സേഫ്റ്റി സുരക്ഷാ ഉപകരണങ്ങളുടെ ക്രയവിക്രയങ്ങൾ ഒരു പരിധിവരെ കോസ്ററ് എഫക്റ്റീവ് ആയിട്ടും ഒരു നല്ല സേഫ്റ്റി സ്റ്റാൻഡേർഡ് പിന്തുടർന്ന് കമ്പനിയുടെ ലാഭക്ഷമത കൂട്ടാനും സഹായിക്കും.

സംരംഭങ്ങളും സാമൂഹിക പ്രതിബദ്ധതയും

ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോറെസിന്, ഇന്ന് ഇറ്റലിയിലും ചൈനയിലുമായി അത്യാധുനിക നിർമ്മാണ യൂണിറ്റുകളും വിതരണ ശൃംഖലകളും ഉണ്ട്. ഇരുപ്പത്തിരണ്ടോളം രജിസ്റ്റർ ചെയ്ത ബ്രാൻഡുകൾ കമ്പനി പുറത്തിറക്കുന്നു. സുരക്ഷ എന്നത് തൊഴിലിടങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന ചിന്തയിൽ നിന്നാണ് 2015-ൽ 'ഒഷായ്' (OHSSAI) ഫൗണ്ടേഷന്റെ അമരത്തേക്ക് അദ്ദേഹം കടന്ന് വന്നത്. സ്കൂളുകളിലും കോളേജുകളിലും സുരക്ഷാബോധം വളർത്താനും വ്യവസായ സ്ഥാപനങ്ങൾക്ക് സുരക്ഷാ റേറ്റിംഗുകൾ നൽകാനും ഈ മേഖലയിൽ സുസ്ഥിരത കൈവരിക്കാനും ഈ പ്രസ്ഥാനം പ്രവർത്തിച്ച് വരുന്നു.

ഡോ തോമസ് കോയാട്ട്

ആഗോള വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (INMECC) സ്ഥാപകരിൽ പ്രമുഖനും, വിസ്റ്റയുടെ (VISTA) ഗ്ലോബൽ പ്രസിഡന്റും കൂടിയാണ് അദ്ദേഹം. ഇവയ്ക്ക് പുറമെ, കേരളത്തിൽ മധ്യതിരുവിതാംകൂറിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ സ്ഥാപകനും വൈസ് ചെയർമാനും കൂടിയാണ് ഡോ. തോമസ് കോയാട്ട്. സംഗീതവും ആത്മീയതയും കോർത്തിണക്കുന്ന 'സ്ലോമോ' (SLOMO) എന്ന പ്രസ്ഥാനത്തിന്റെ രക്ഷാധികാരി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

തൊഴിൽ സുരക്ഷ ഒരു നിയമപരമായ ബാധ്യതയായി മാത്രം കണ്ടിരുന്ന കാലത്ത് തുടങ്ങി, നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിലേക്ക് ലോകം ചുവടുവെക്കുമ്പോഴും ആ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഡോ. തോമസ് കോയാട്ട്. മികച്ച ബിസിനസ്സ് കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിക്കുന്ന ആ യാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.