സാമ്പത്തിക കരുത്ത് കൂട്ടി സൗദി; വിദേശ കറൻസി ശേഖരം 1.733 ട്രില്യൺ റിയാൽ
രാജ്യത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരവും വർഷാടിസ്ഥാനത്തിൽ മുന്നേറി. 6.7 ശതമാനം വർധിച്ച് ഇത് 1.827 ട്രില്യൺ റിയാലിലെത്തി. ഏകദേശം 487.31 ബില്യൺ ഡോളറിന് തുല്യമായ തുകയാണിത്
റിയാദ്: വിദേശനാണ്യ ശേഖരത്തിൽ സൗദി അറേബ്യ ശക്തമായ നിലയിൽ തുടരുന്നു. സൗദി സെൻട്രൽ ബാങ്കായ സാമയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം 1.733 ട്രില്യൺ സൗദി റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്കിനെ അപേക്ഷിച്ച് 7.2 ശതമാനമാണ് വർധന.
രാജ്യത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരവും വർഷാടിസ്ഥാനത്തിൽ മുന്നേറി. 6.7 ശതമാനം വർധിച്ച് ഇത് 1.827 ട്രില്യൺ റിയാലിലെത്തി. ഏകദേശം 487.31 ബില്യൺ ഡോളറിന് തുല്യമായ തുകയാണിത്. എന്നാൽ ജൂലൈയിലെ 1.832 ട്രില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ ആകെ കരുതൽ ശേഖരത്തിൽ 0.27 ശതമാനത്തിന്റെ നേരിയ ഇടിവും രേഖപ്പെടുത്തി.
അതേസമയം, അന്താരാഷ്ട്ര നാണയ നിധിയിലെ സൗദിയുടെ എസ്.ഡി.ആർ. വിഹിതം ഓഗസ്റ്റിൽ 79.37 ബില്യൺ റിയാലായി. ഐഎംഎഫിലെ റിസർവ് അക്കൗണ്ട് 1.4 ശതമാനം ഉയർന്ന് 13.34 ബില്യൺ റിയാലിലെത്തി. കരുതൽ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യത്തിൽ മാറ്റമില്ല; 1.624 ബില്യൺ റിയാലിലാണ് ഇത് തുടരുന്നത്. രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയുടെയും സാമ്പത്തിക നയങ്ങളുടെയും ശക്തിയെ ഐഎംഎഫ് നേരത്തെയും പ്രശംസിച്ചിരുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ സൗദി സെൻട്രൽ ബാങ്കിന്റെ ഇടപെടലുകളും ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ.
Comments ()