മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത, ലൈസൻസ് റദ്ദാകും; സംസ്ഥാന വ്യാപക പരിശോധന

സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്

മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത, ലൈസൻസ് റദ്ദാകും; സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം നടത്തിയ 'ഡ്രൈവ് സോബർ – സ്റ്റേ എലൈവ്' എന്ന പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും, ഗുരുതര നിയമലംഘനം നടത്തിയ 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.

റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനും ഉത്തരവാദിത്തമുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒക്ടോബർ 20 മുതൽ 27 വരെ ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയിൽ സംസ്ഥാനത്തൊട്ടാകെ 1,50,621 വാഹനങ്ങളാണ് പരിശോധിച്ചത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ് (678). കൊല്ലം സിറ്റി (619), തിരുവനന്തപുരം റൂറൽ (585), പാലക്കാട് (584), കോട്ടയം (528) എന്നിവയാണ് കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്.

അതേസമയം, ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള ശുപാർശ നൽകിയതിൽ 507 എണ്ണവുമായി കോട്ടയം ജില്ലയാണ് മുന്നിൽ; കൊല്ലം സിറ്റി (390), ആലപ്പുഴ (244), തൃശൂർ സിറ്റി (148), കോഴിക്കോട് റൂറൽ (142) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. പരിശോധനകൾക്കൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വരുംദിവസങ്ങളിലും ഹൈവേ പട്രോൾ യൂണിറ്റുകളുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ കടുത്ത പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.