92 ലക്ഷം സീറ്റുകൾ; അന്താരാഷ്ട്ര വിമാന സർവീസുകളിൽ ദുബൈ വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം
ഈ മാസം ദുബൈ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമായി ആകെ 92 ലക്ഷം സീറ്റുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 41.2 ലക്ഷം സീറ്റുകളുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളമാണ് പട്ടികയിൽ രണ്ടാമത്
ദുബൈ: അന്താരാഷ്ട്ര വിമാന സർവീസുകളിലെ സീറ്റ് ശേഷിയുടെ കാര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. വ്യോമയാന ഡാറ്റാ സ്ഥാപനമായ ഒഎജിയുടെ ഒക്ടോബർ മാസത്തെ കണക്കുകളിലാണ് ദുബൈയുടെ മുന്നേറ്റം വ്യക്തമാകുന്നത്.
ഈ മാസം ദുബൈ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമായി ആകെ 92 ലക്ഷം സീറ്റുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 41.2 ലക്ഷം സീറ്റുകളുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളമാണ് പട്ടികയിൽ രണ്ടാമത്. 39.4 ലക്ഷം സീറ്റുകളുമായി സിയോൾ ഇഞ്ചിയോൺ മൂന്നാം സ്ഥാനത്തും 37.2 ലക്ഷം സീറ്റുകളുമായി ആംസ്റ്റർഡാം ഷിഫോൾ നാലാം സ്ഥാനത്തുമാണ്. സിംഗപ്പൂർ ചാങ്ങി 36.8 ലക്ഷം സീറ്റുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.
സെപ്റ്റംബറിൽ ദുബൈ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 43.4 ലക്ഷം പുറപ്പെടൽ സീറ്റുകളെ അപേക്ഷിച്ച് ഒക്ടോബറിലെ ശേഷിയിൽ 5.3 ശതമാനം വർധനയാണുണ്ടായത്. എമിറേറ്റ്സ്, ഫ്ലൈദുബൈ എന്നിവയുടെ സർവീസുകൾ വർധിച്ചതും മറ്റ് രാജ്യാന്തര വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയതുമാണ് സീറ്റ് ശേഷി ഉയരാൻ പ്രധാന കാരണം.
യാത്രക്കാരുടെ എണ്ണത്തിലും ദുബൈ വിമാനത്താവളം തുടർച്ചയായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2025ൽ 9.52 കോടി യാത്രക്കാരെ സ്വീകരിച്ച് റെക്കോർഡ് നേട്ടം കൈവരിച്ച വിമാനത്താവളം അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളിൽ തുടർച്ചയായ 12-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
2026ന്റെ ആദ്യ പകുതിയിൽ മാത്രം 3.15 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. രണ്ടാം പാദത്തിൽ മാസങ്ങളായി യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഏപ്രിലിൽ 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് മേയിൽ 45 ലക്ഷമായും ജൂണിൽ 50 ലക്ഷമായും ഉയർന്നു.
Comments ()