'താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്';സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
മച്ചാറിന്റെ ഇടപെടൽ രാജ്യത്തിന്റെ ധീരമായ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്നതാണെന്നും സന്ദേശത്തിൽ വ്യക്തമാക്കി
ദുബൈ: വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് അദ്ദേഹം ക്യാപ്റ്റനെ കണ്ടത്. ആക്രമിയെ നേരിടാനും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാനും മച്ചാർ കാണിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ അഭിനന്ദിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ, രാജ്യത്തെ ഭരണനേതൃത്വത്തിന്റെ അഭിനന്ദനവും അദ്ദേഹത്തെ അറിയിച്ചു.
യുഎഇയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് മച്ചാറിന്റേതെന്ന് ശൈഖ് ഹംദാൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. സമാധാനത്തിനും ജനങ്ങൾക്കിടയിലെ ഐക്യത്തിനും പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇയെന്നും ധൈര്യവും ഉത്തരവാദിത്തവും പ്രകടിപ്പിച്ച ക്യാപ്റ്റനെ രാജ്യത്തിന്റെ ഭാഗമായിക്കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. മച്ചാറിന്റെ ഇടപെടൽ രാജ്യത്തിന്റെ ധീരമായ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്നതാണെന്നും സന്ദേശത്തിൽ വ്യക്തമാക്കി.
വിമാനത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിലായിരുന്നു സ്മിത്ത് മച്ചാർ ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തുടർചികിത്സയ്ക്കായി ദുബൈയിലെത്തിച്ചത്. ആക്രമണസാഹചര്യത്തിൽ ക്യാപ്റ്റൻ സ്വീകരിച്ച നടപടികൾക്ക് യുഎഇ ഭരണനേതൃത്വം നൽകിയ അംഗീകാരമായാണ് ശൈഖ് ഹംദാന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Comments ()