ഗൾഫിലെ കപ്പൽ ആക്രമണം അപലപിച്ച് യുഎഇ; കടൽപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം
സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും അന്താരാഷ്ട്ര ഊർജ വിതരണ ശൃംഖലയ്ക്കും വെല്ലുവിളിയാകുന്ന സംഭവമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി
അബുദാബി: അറേബ്യൻ ഗൾഫിൽ ഖത്തർ കമ്പനിയായ നഖിലത്തിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎഇ. 'അൽ മായേദ' എന്ന കപ്പലിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും അന്താരാഷ്ട്ര ഊർജ വിതരണ ശൃംഖലയ്ക്കും വെല്ലുവിളിയാകുന്ന സംഭവമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ സുപ്രധാന കടൽപാതകളുടെ സുരക്ഷയെ ബാധിക്കുന്നതിനൊപ്പം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും വഴിവെച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.
ഖത്തറിന് പിന്തുണ അറിയിച്ച യുഎഇ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി വാണിജ്യ കപ്പലുകളുടെയും ഊർജ ടാങ്കറുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സമുദ്രഗതാഗതവും ആഗോള ഊർജ വിതരണവും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ട് അറേബ്യൻ ഗൾഫിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് 'അൽ മായേദ്' ആക്രമിക്കപ്പെട്ടതെന്ന് നഖിലത് ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കപ്പൽ സുരക്ഷിതമാണെന്നും പ്രവർത്തനം തുടരാൻ കഴിയുന്ന നിലയിലാണെന്നും നഖിലത് അറിയിച്ചു. കപ്പലിന്റെ സംവിധാനങ്ങൾ നിയന്ത്രണവിധേയമാണെന്നും ആക്രമണത്തിന്റെ ആഘാതം സംബന്ധിച്ച വിശദമായ പരിശോധന തുടരുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
Comments ()