ദുബായ് ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: ആകർഷക ആനുകൂല്യങ്ങളോടെ വിഐപി പാക്കുകൾ പ്രഖ്യാപിച്ചു; ബുക്കിംഗ് സെപ്റ്റംബർ 21 മുതൽ
വിവിധ ആനുകൂല്യങ്ങളോടെ നാല് കാറ്റഗറികളിലാണ് വിഐപി പാക്കുകൾ ലഭ്യമാകുക
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിനായുള്ള വിഐപി പാക്കുകൾ ഔദ്യോഗികമായി പുറത്തിറക്കി. "എ മോർ വണ്ടർഫുൾ വേൾഡ്" എന്ന പ്രമേയത്തിൽ 2026 ഒക്ടോബർ 14 ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സീസണിലേക്കുള്ള വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 21 മുതൽ 25 വരെ നടക്കും. ഇത്തവണത്തെ ഒരു വിഐപി പാക്കിൽ 31,000 ദിർഹത്തിന്റെ സർപ്രൈസ് ക്യാഷ് ചെക്ക് ഒളിപ്പിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം സന്ദർശകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബർ 26 മുതൽ കൊക്ക കോള അരീന വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാക്കുകളുടെ രൂപകൽപ്പന. ശേഖരിച്ചുവെക്കാവുന്ന 'ഗ്ലോബൽ വില്ലേജ് സ്റ്റോറി ബുക്ക്' തീമിൽ അവതരിപ്പിച്ചിരിക്കുന്ന പാക്കിൽ ഏഴ് പ്രത്യേക പിന്നുകൾ, വിഐപി പാർക്കിംഗ് സ്റ്റിക്കർ, എൻട്രി ടിക്കറ്റുകൾ, വണ്ടർ പാസ് കാർഡുകൾ, ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ് ഓഫറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. എമിറേറ്റ്‌സ് ഐഡിയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പാക്കുകൾ സ്വന്തമാക്കാൻ സാധിക്കുക. സുതാര്യത ഉറപ്പാക്കാനും കടുത്ത തിരക്ക് ഒഴിവാക്കാനുമായി ഒരു എമിറേറ്റ്‌സ് ഐഡിയിൽ ഒരു വിഐപി പാക്ക് മാത്രമേ വാങ്ങാനാകൂ.
വിവിധ ആനുകൂല്യങ്ങളോടെ നാല് പ്രധാന കാറ്റഗറികളിലാണ് വിഐപി പാക്കുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഡയമണ്ട് പാക്കിന് 7,900 ദിർഹവും പ്ലാറ്റിനം പാക്കിന് 3,490 ദിർഹവും ഗോൾഡ് പാക്കിന് 2,490 ദിർഹവും സിൽവർ പാക്കിന് 1,890 ദിർഹവുമാണ് വില. ഇതിനുപുറമെ, ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള പ്രവേശനം കൂടി സാധ്യമാക്കുന്ന 4,990 ദിർഹമിന്റെ 'മെഗാ ഗോൾഡ്', 3,490 ദിർഹമിന്റെ 'മെഗാ സിൽവർ' പാക്കുകളും ഈ സീസണിൽ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്.
Comments ()