സൗദി യുദ്ധവിമാനം തകർത്തതായി ഹൂതികൾ; പൈലറ്റുമാരുടെ വിവരമില്ല
ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഹൂതികൾ പുറത്തുവിട്ടത്. യുദ്ധവിമാനത്തെ ലക്ഷ്യമിടുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ തീപിടിച്ച് തകർന്നുവീണതായി പറയുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കാണാം
റിയാദ്: യെമനിലെ മാരിബ് മേഖലയിൽ സൗദി അറേബ്യയുടെ F-15 യുദ്ധവിമാനം തകർത്തതായി അവകാശപ്പെട്ട് ഹൂതി വിമതർ ദൃശ്യങ്ങൾ പുറത്തുവിട്ടു. വിമാനത്തെ മിസൈൽ ആക്രമണത്തിലൂടെ തകർത്തതായാണ് ഹൂതി സൈനിക വക്താവ് യഹ്യാ സാരീ പറയുന്നത്. എന്നാൽ സംഭവം സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഹൂതികൾ പുറത്തുവിട്ടത്. യുദ്ധവിമാനത്തെ ലക്ഷ്യമിടുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ തീപിടിച്ച് തകർന്നുവീണതായി പറയുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കാണാം. പിന്നീട് ആയുധധാരികളായ ഹൂതി അംഗങ്ങൾ മാലിന്യാവശിഷ്ടങ്ങൾക്ക് സമീപം നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാദേശികമായി നിർമിച്ച ഉപരിതല-വ്യോമ മിസൈൽ ഉപയോഗിച്ചാണ് F-15നെ തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം.
മാരിബിന് മുകളിലൂടെ സൈനിക നീക്കങ്ങൾ നടത്തുന്നതിനിടെയാണ് വിമാനത്തെ ആക്രമിച്ചതെന്നും ഹൂതികൾ പറയുന്നു. വിമാനത്തിന്റെ പൈലറ്റുമാരുടെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, സൗദി വിമാനങ്ങൾ യെമനിൽ വ്യാപകമായി വ്യോമാക്രമണം നടത്തിയെന്ന ആരോപണവും ഹൂതി വക്താവ് ഉന്നയിച്ചിട്ടുണ്ട്. മക്കയ്ക്ക് സമീപം ഹൂതി ഡ്രോൺ തകർത്തതായി സൗദി സഖ്യസേന അറിയിച്ചതിന് പിന്നാലെയാണ് F-15 തകർത്തെന്ന പുതിയ അവകാശവാദം പുറത്തുവന്നത്. ഹൂതികളുടെ വാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Comments ()