ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അപ്പോയിന്റ്മെന്‍റ് വഴി മാത്രം; പുതിയ തീരുമാനവുമായി ദുബായ് കോൺസുലേറ്റ്

യാത്രക്കാര്‍ക്ക് book.passportindiauae.com എന്ന പുതിയ പോര്‍ട്ടല്‍ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അപ്പോയിന്റ്മെന്‍റ് വഴി മാത്രം; പുതിയ തീരുമാനവുമായി ദുബായ് കോൺസുലേറ്റ്

ദുബായ്: പാസ്പോര്‍ട്ട് പുതുക്കണോ? ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇനി അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധം. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഇനി മുതല്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ പരിമിതമായ തോതില്‍ വാക്ക്-ഇന്‍ സേവനങ്ങള്‍ ലഭ്യമായിരിക്കും.

അതേസമയം, അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുന്‍പ് മാത്രമേ അപേക്ഷകരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകനെ മാത്രമേ അകത്തേക്ക് വിടുകയുള്ളൂ. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അപേക്ഷകള്‍ക്ക് മാതാപിതാക്കള്‍ രണ്ടുപേരും ഒപ്പമുണ്ടാകണം. പുതുതായി ജനിച്ച കുട്ടികളുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കും, അടിയന്തിരമായി നാട്ടിലേക്ക് പോകാന്‍ പാസ്പോര്‍ട്ടിന് പകരം നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്കും മുന്‍ഗണന നല്‍കും.

പുതിയ സേവന ദാതാക്കളായ 'അല്‍ഹിന്ദ്' ഗ്രൂപ്പിന്റെ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് എംബസിയിലും കോണ്‍സുലേറ്റിലും അപേക്ഷകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിനും സേവനങ്ങള്‍ സുഗമമാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം.

അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ട രീതി....
യാത്രക്കാര്‍ക്ക് book.passportindiauae.com എന്ന പുതിയ പോര്‍ട്ടല്‍ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാത്രി 8 മണിക്ക് പോര്‍ട്ടലില്‍ ലഭ്യമാകും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തേക്കാണ് അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നത്.