ദുബായിൽ ഷെയറിങ് താമസത്തിന് കർശന നിയന്ത്രണം; കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ഒന്നിച്ച് താമസിക്കാനാവില്ല
ഒരു ഷെയേർഡ് റസിഡൻഷ്യൽ യൂണിറ്റ് പൂർണ്ണമായും കുടുംബങ്ങൾക്കോ അല്ലെങ്കിൽ ബാച്ചിലർമാർക്കോ മാത്രമായി മാറ്റിവെക്കണം
റസിഡൻഷ്യൽ കെട്ടിടങ്ങളിലെ ഷെയറിങ് താമസസൗകര്യങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് മുൻസിപ്പാലിറ്റി പുതിയ നിയമം പുറപ്പെടുവിച്ചു. കുടുംബങ്ങളും ബാച്ചിലർമാരും ഒരേ റസിഡൻഷ്യൽ യൂണിറ്റിൽ ഒന്നിച്ചു താമസിക്കുന്നത് പൂർണ്ണമായും നിരോധിച്ചതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇതോടെ ഒരു ഷെയേർഡ് റസിഡൻഷ്യൽ യൂണിറ്റ് പൂർണ്ണമായും കുടുംബങ്ങൾക്കോ അല്ലെങ്കിൽ ബാച്ചിലർമാർക്കോ മാത്രമായി മാറ്റിവെക്കേണ്ടിവരും. ഷെയറിങ് അടിസ്ഥാനത്തിലുള്ള താമസം ഇനി മുതൽ ഇതിനായി പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കും വില്ലകൾക്കും പുതിയ നിബന്ധനകൾ പാലിക്കാൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും, അനധികൃത നിർമ്മാണങ്ങൾക്കോ മാറ്റങ്ങൾക്കോ ഈ സാവകാശം ലഭിക്കില്ല.
പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കിടപ്പുമുറിയിൽ ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. കൂടാതെ ഓരോ നാല് താമസക്കാർക്കും ഒരു പൂർണ്ണ ബാത്ത്റൂം സൗകര്യവും നിർബന്ധമാണ്. കുടുംബങ്ങൾക്കായുള്ള ഷെയറിങ് താമസങ്ങളിൽ ഓരോ കുടുംബത്തിനും സ്വന്തമായി ബാത്ത്റൂമുള്ള പ്രത്യേക കിടപ്പുമുറി തന്നെ ഉണ്ടായിരിക്കണം. എന്നാൽ ബനിയാസ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വസൽ റോഡ് തുടങ്ങി പ്രധാന വാണിജ്യ-ടൂറിസം പാതകളുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിൽ ബാച്ചിലർമാർക്ക് ഷെയറിങ് താമസം അനുവദിക്കില്ല. ഇത്തരം മേഖലകളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും അനുമതി നൽകുക. കൂടാതെ ഒരു കെട്ടിടത്തിന്റെയോ വില്ലയുടെയോ ഒരു ഭാഗം മാത്രമായി ഷെയറിങ്ങിനായി നൽകാൻ കഴിയില്ലെന്നും, മുഴുവൻ കെട്ടിടവും ഇതിനായി മാറ്റിവെക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ പൊതു അടുക്കളകൾ, അലക്കു സൗകര്യങ്ങൾ, ഡൈനിങ്-വിനോദ മേഖലകൾ എന്നിവ നിർബന്ധമായും ഒരുക്കണം. അപ്പാർട്ട്മെന്റ് അടുക്കളകളിൽ ഒരാൾക്ക് ഒരു ചതുരശ്ര മീറ്റർ സ്ഥലം വേണം. പ്രത്യേക ബാത്ത്റൂമുകളുള്ള ഇടങ്ങളിൽ നാല് പേർക്ക് ഒരു ടോയ്ലറ്റും ആറ് പേർക്ക് ഒരു ഷവറും എന്ന ക്രമത്തിൽ സൗകര്യമൊരുക്കാവുന്നതാണ്. ഷെയറിങ് താമസസൗകര്യം ഒരുക്കുന്നതിനായി 'ദുബായ് ബിൽഡിംഗ് പ്ലാറ്റ്ഫോം' വഴി എഞ്ചിനീയറിങ് കൺസൾട്ടന്റുമാർ മുഖേന ബിൽഡിങ് പെർമിറ്റിനും ലൈസൻസിനും അപേക്ഷിക്കണം. മുറികളുടെ വലുപ്പം, താമസക്കാരുടെ എണ്ണം, സ്വഭാവം എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ഷെയേർഡ് ഹൗസിങ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. ഇത് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ വാടക കരാറുകൾക്കും ബാധകമാണ്.
കെട്ടിട ഉടമകൾ, എഞ്ചിനീയറിങ് കൺസൾട്ടൻസികൾ, കരാറുകാർ എന്നിവർ പാലിക്കേണ്ട 10 പ്രധാന ബാധ്യതകൾ ഉൾക്കൊള്ളുന്ന സർക്കുലറാണ് മുൻസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുള്ളത്. വാഹന പാർക്കിങ്ങിൽ ഇളവുകളുണ്ടെങ്കിലും മിനിബസുകൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുയോജ്യമായ സ്ഥലവും, മൊത്തം താമസക്കാരുടെ 10 ശതമാനത്തിന് തുല്യമായ സൈക്കിൾ പാർക്കിങ് സൗകര്യവും നിർബന്ധമാക്കിയിട്ടുണ്ട്. ജനസാന്ദ്രതയും നിയമവിരുദ്ധ താമസവും തടയുക, താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുക, നഗരത്തിന്റെ മനോഹാരിത നിലനിർത്തുക എന്നിവയാണ് ഈ പുതിയ പരിഷ്കാരങ്ങളിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.
Comments ()