ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറക്കുന്നു

696 മില്യൺ ദിർഹത്തിലധികം ചെലവഴിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നടപ്പാക്കിയ പദ്ധതിയിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറക്കുന്നു

ദുബായ്: നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് അവസാനഘട്ടം. പദ്ധതിയുടെ ഭാഗമായി നിർമിച്ച അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഇന്ന് വാഹനങ്ങൾക്കായി തുറന്നുകൊടുക്കും. 696 മില്യൺ ദിർഹത്തിലധികം ചെലവഴിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നടപ്പാക്കിയ പദ്ധതിയിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

അൽ മജ്‌ലിസ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പാലമാണ് പുതുതായി തുറക്കുന്നത്. ഇതോടെ ഈ രണ്ട് റോഡുകൾക്കിടയിലെ യാത്രയ്ക്ക് നിലവിൽ വേണ്ടിവരുന്ന ആറ് മിനിറ്റ് ഒരു മിനിറ്റായി ചുരുങ്ങും. കൂടാതെ, മേഖലയിൽ വാഹനങ്ങൾ കാത്തുനിൽക്കേണ്ട ശരാശരി സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്നും അധികൃതർ കണക്കാക്കുന്നു. മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രണ്ട് വരിപ്പാതയാണ് പാലത്തിലുള്ളത്.

ശൈഖ് സായിദ് റോഡിനെ അഞ്ച് പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന വേൾഡ് ട്രേഡ് സെന്റർ ജങ്ഷനിലെ ആകെ അഞ്ച് മേൽപ്പാലങ്ങൾ ഉൾപ്പെടുന്ന വികസന പദ്ധതിയുടെ ഭാഗമാണിത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല ശൃംഖലയാണ് ഇതോടെ പൂർത്തിയാകുന്നത്. ജുമൈറ, അൽ സത്വ, അൽ കറാമ, അൽ ജാഫിലിയ, ദേര, ഡിഐഎഫ്‌സി തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്കും ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും പുതിയ സംവിധാനം ഗുണകരമാകും. അഞ്ച് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.

അതേസമയം, സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിലെ വികസന പ്രവർത്തനങ്ങൾ തുടരുകയാണ്. സബീൽ പാലസ് സ്ട്രീറ്റ് കവല മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയുള്ള 1.5 കിലോമീറ്റർ ഭാഗത്താണ് നവീകരണം നടക്കുന്നത്. നിലവിലുള്ള മൂന്ന് വരിപ്പാത നാല് വരികളാക്കി വികസിപ്പിക്കുന്നതിനൊപ്പം പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. ഇതിലൂടെ റോഡിന്റെ വാഹനശേഷി 33 ശതമാനം വർധിപ്പിക്കാനും യാത്രാസമയം 13 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയ്ക്കാനുമാണ് ലക്ഷ്യം. 2027-ഓടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.