സൗദിയിലേക്ക് യാത്ര ചെയ്യാനിരുന്നവർ ശ്രദ്ധിക്കുക: സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് യാത്രാവിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സൗദിയിലേക്ക് യാത്ര ചെയ്യാനിരുന്നവർ ശ്രദ്ധിക്കുക: സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷഭരിതമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് നവംബർ 14 വരെ നീട്ടിയതായി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ പ്രമുഖ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കാണ് നിലവിൽ ഈ വിലക്ക് ബാധകമാക്കിയിരിക്കുന്നത്.

മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട വ്യോമയാന അധികാരികളുമായി ചേര്‍ന്ന് സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഈ അറിയിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പ്രയാസത്തിലായ യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് തീയതി മാറ്റുന്നതിനോ, അല്ലെങ്കിൽ ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നേടുന്നതിനോ ഉള്ള സൗകര്യങ്ങൾ കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ വഴി നേരിട്ട് വിവരമറിയിക്കും.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, അപ്രതീക്ഷിതമായി ഉണ്ടായ ഈ യാത്രാ തടസ്സത്തിലും അസൗകര്യത്തിലും ഖേദിക്കുന്നതായും ഇൻഡിഗോ മാനേജ്‌മെന്റ് അറിയിച്ചു.