യുഎഇയിലേക്ക് യാത്ര ചെയ്യുകയാണോ? മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

അപ്രതീക്ഷിതമായി അസുഖങ്ങൾ ബാധിക്കുകയോ അടിയന്തര ചികിത്സ ആവശ്യമായി വരികയോ ചെയ്താൽ വലിയ തുക ചികിത്സാച്ചെലവിനായി കണ്ടെത്തേണ്ടിവരുമെന്നും ഇത് കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി

യുഎഇയിലേക്ക് യാത്ര ചെയ്യുകയാണോ? മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയശേഷം മാത്രം യാത്ര തിരിക്കണമെന്ന് ഇന്ത്യൻ അധികൃതരുടെ മുന്നറിയിപ്പ്. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറലുമാണ് നിർദേശം നൽകിയത്. അപ്രതീക്ഷിതമായി അസുഖങ്ങൾ ബാധിക്കുകയോ അടിയന്തര ചികിത്സ ആവശ്യമായി വരികയോ ചെയ്താൽ വലിയ തുക ചികിത്സാച്ചെലവിനായി കണ്ടെത്തേണ്ടിവരുമെന്നും ഇത് കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരത്തിനോ ഹ്രസ്വസന്ദർശനത്തിനോ യുഎഇയിലെത്തുന്ന ഇന്ത്യൻ പൗരന്മാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണം. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി വലിയ തുക സ്വന്തം കൈയിൽനിന്ന് ചെലവഴിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ ഇൻഷുറൻസ് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ ചികിത്സ തേടേണ്ടിവരുന്ന സാഹചര്യങ്ങൾ ഉൾപ്പെടെ പോളിസിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും ക്യാഷ്‌ലെസ് ചികിത്സാ സൗകര്യങ്ങളും യാത്രയ്ക്ക് മുമ്പ് പരിശോധിക്കണമെന്നും നിർദേശമുണ്ട്.

തൊഴിൽ വിസയിലോ കുടുംബാംഗങ്ങളുടെ ആശ്രിത വിസയിലോ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരും നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ മതിയാകുമോയെന്ന് ഉറപ്പുവരുത്തണം. പോളിസിയുടെ പരിധി, അടിയന്തര ചികിത്സയ്ക്കുള്ള ആനുകൂല്യങ്ങൾ, മറ്റ് നിബന്ധനകൾ എന്നിവ കൃത്യമായി മനസ്സിലാക്കിയശേഷം മാത്രമേ അതിനെ ആശ്രയിക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. യാത്രയ്ക്ക് മുമ്പും യുഎഇയിലെ താമസകാലത്തും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ പരിശോധിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.