മഴ പെയ്യുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ അപകടസാധ്യത;കുവൈത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
മഴയത്ത് ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് വാഹനത്തിന്റെ തിരിയാനുള്ള സൂചനകളും ദിശമാറ്റങ്ങളും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
കുവൈത്ത് സിറ്റി: മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് ട്രാഫിക് ബോധവൽക്കരണ വിഭാഗം. കുവൈത്ത് ടിവിയിലെ 'ഗുഡ് മോർണിങ് കുവൈത്ത്' പരിപാടിയിൽ പങ്കെടുത്ത ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സനാണ് നിർദേശം നൽകിയത്. മഴയത്ത് ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് വാഹനത്തിന്റെ തിരിയാനുള്ള സൂചനകളും ദിശമാറ്റങ്ങളും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശൈത്യകാലവും മഴക്കാലവും തുടങ്ങുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ടയറുകൾ, മുന്നിലെയും പിന്നിലെയും വൈപ്പറുകൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കണം. മഴയത്ത് കാഴ്ച മറയുന്നത് ഒഴിവാക്കാൻ ഡെമിസ്റ്റർ ഉപയോഗിക്കണമെന്നും നനഞ്ഞ റോഡുകളിൽ വേഗത നിയന്ത്രിച്ച് വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, റോഡ് അറ്റകുറ്റപ്പണികൾ കുവൈത്ത് സിറ്റിയിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായും ബു ഹസ്സൻ അറിയിച്ചു. ഫോർത്ത് റിങ് റോഡിലെ അറ്റകുറ്റപ്പണികളെ തുടർന്ന് വാഹനങ്ങൾ ഫിഫ്ത് റിങ് റോഡിലേക്ക് തിരിച്ചുവിടുന്നതാണ് തിരക്ക് കൂടാൻ കാരണമായത്. രാവിലെ തിരക്കേറിയ സമയങ്ങളിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഗതാഗത വിവരങ്ങളും ബദൽ പാതകളും പരിശോധിക്കണം. യാത്രക്കാർക്ക് അനുയോജ്യമായ വഴികൾ മുൻകൂട്ടി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Comments ()