അവധിക്കാലത്ത് കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരാണോ? ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

കുട്ടികളുടെ ഗെയിമിങ് ശീലങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ സൈബർ അപകടങ്ങളിലേക്ക് വഴിവെച്ചേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അവധിക്കാലത്ത് കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരാണോ? ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിൽ മുഴുകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പൊലീസ്. ഗെയിമിങ് ശീലങ്ങൾ കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ കുട്ടികൾ വലിയ സൈബർ അപകടങ്ങളിൽപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച്, ഗെയിമുകൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന അപരിചിതമായ ലിങ്കുകൾ വഴിയും ചാറ്റ് റൂമുകൾ വഴിയും അപരിചിതരുമായി ബന്ധപ്പെടുന്നത് ഗുരുതരമായ ചതിക്കുഴികൾക്ക് വഴിതെളിച്ചേക്കാം.

ഇത്തരം സൈബർ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി രക്ഷിതാക്കൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ:

  • പാരന്റൽ കൺട്രോൾ ഉപയോഗിക്കുക: കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമിങ് ഉപകരണങ്ങളിലും മൊബൈലുകളിലും പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ സജീവമാക്കുക.
  • ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുക: കുട്ടികൾ ആരൊക്കെയായി സംവദിക്കുന്നുവെന്നും എന്തെല്ലാം ഗെയിമുകളാണ് കളിക്കുന്നതെന്നും കൃത്യമായി ശ്രദ്ധിക്കുക.
  • തുറന്ന ആശയവിനിമയം ഉറപ്പാക്കുക: ഗെയിമിങ്ങിനിടെ സംശയാസ്പദമായ ലിങ്കുകളോ അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശങ്ങളോ ലഭിച്ചാൽ അത് ഭയം കൂടാതെ രക്ഷിതാക്കളോട് തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ 'ഇ-ക്രൈം' (e-Crime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടോ ഉടനടി പരാതിപ്പെടാവുന്നതാണ്.