വിമാന സർവീസുകൾ തടസ്സപ്പെട്ടു; യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാർക്കായി ബസ് സർവീസുമായി കോൺസുലേറ്റ്

സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ നടപടി.

വിമാന സർവീസുകൾ തടസ്സപ്പെട്ടു; യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാർക്കായി ബസ് സർവീസുമായി കോൺസുലേറ്റ്

സൗദി അറേബ്യയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ, അവിടെ കുടുങ്ങിയ സൗദി പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും സൗദി കോൺസുലേറ്റ് കരമാർഗമുള്ള ബസ് സർവീസുകൾ ആരംഭിച്ചു. അടിയന്തര സാഹചര്യത്തിൽ സൗദി പൗരന്മാർക്ക് താമസസൗകര്യവും യാത്രാസഹായവും വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി എമിറാത്തി പൗരന്മാരും രംഗത്തെത്തിയിട്ടുണ്ട്. സൗദി പൗരന്മാരെ സന്ദർശകരെയല്ല, മറിച്ച് സ്വന്തം കുടുംബാംഗങ്ങളെയും സഹോദരങ്ങളെയുമായാണ് കാണുന്നതെന്നും അവർക്കായി തങ്ങളുടെ വീടുകൾ തുറന്നുനൽകാൻ തയ്യാറാണെന്നും എമിറാത്തികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലെ കിങ് ഖാലിദ്, ജിദ്ദ, ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ എമിറേറ്റ്സ് റദ്ദാക്കിയപ്പോൾ, റിയാദിലേക്കുള്ള ഫ്ലൈദുബായ് സർവീസുകൾ ഒക്ടോബർ 14 വരെയാണ് നിർത്തിവച്ചിരിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ഞായറാഴ്ച വീണ്ടുമുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയും പുതിയ ആക്രമണമുണ്ടായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി. നിലവിൽ വിമാനത്താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സൗദി വ്യോമയാന അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.