അറിയിപ്പില്ലാതെ അവധിയെടുത്താൽ അഡ്മിഷൻ റദ്ദാക്കും: ദുബായിൽ സ്കൂൾ ഹാജർനിലയിൽ കെഎച്ച്ഡിഎ നടപടി കർശനം
അസുഖം മൂലമെടുക്കുന്ന അവധികൾക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കൽ നിർബന്ധമാണ്.
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ഹാജർനില ഉറപ്പാക്കുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിക്കടിയുള്ള അവധികൾ കുട്ടികളുടെ പഠന പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പുതിയ മാനദണ്ഡമനുസരിച്ച് 98 ശതമാനമോ അതിനു മുകളിലോ ഹാജറുള്ള വിദ്യാലയങ്ങൾക്ക് 'ഔട്ട്സ്റ്റാൻഡിംഗ്' റേറ്റിംഗ് നൽകും. അതേസമയം, ഹാജർനില 90 ശതമാനത്തിൽ കുറവുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്കൂളുകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അസുഖം മൂലമെടുക്കുന്ന അവധികൾക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അഞ്ചു ദിവസത്തിൽ കൂടുതൽ നീളുന്ന അവധികൾക്ക് ശേഷം തിരികെ എത്തുന്ന കുട്ടികൾ സ്കൂൾ ക്ലിനിക്കിലെ പരിശോധനയ്ക്കും മുൻകൂർ അനുമതിക്കും വിധേയരാകണം.
ഹാജരാകാത്ത കുട്ടികളെക്കുറിച്ച് രക്ഷിതാക്കളിൽ നിന്ന് തുടർച്ചയായി രണ്ടു ദിവസം വിവരമൊന്നും ലഭിച്ചില്ലെങ്കിൽ വിഷയം സ്കൂളിലെ 'സേഫ്ഗാർഡിംഗ് ടീമിന്' കൈമാറും. മൂന്നാം ദിവസവും രക്ഷിതാക്കളുമായി ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ പുറത്തുള്ള സുരക്ഷാ ഏജൻസികളെ വിവരമറിയിക്കും. വ്യക്തവും തക്കതുമായ കാരണങ്ങളില്ലാതെ ഒരു അധ്യയന വർഷത്തിൽ തുടർച്ചയായി 20 ദിവസങ്ങളോ അല്ലെങ്കിൽ ആകെ 25 ദിവസങ്ങളോ വിട്ടുനിൽക്കുന്ന വിദ്യാർത്ഥികളുടെ അഡ്മിഷൻ റദ്ദാക്കാൻ സ്കൂളുകൾക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. അതിനാൽ കുട്ടികളുടെ അവധി സംബന്ധിച്ച വിവരങ്ങൾ കൃത്യസമയത്ത് തന്നെ സ്കൂൾ അധികൃതരെ അറിയിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
Comments ()