ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈ മെട്രോയിലേക്ക് ഇനി നടന്ന് പോകാം
ഇത്തിഹാദ് റെയിലിന്റെ അൽ യലായിസ് സ്റ്റേഷനെയും ദുബൈ മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പാലം ഒരുക്കിയിരിക്കുന്നത്. ഇതോടെ ട്രെയിനിൽ എത്തുന്നവർക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കാതെ മെട്രോയിലേക്ക് മാറാൻ കഴിയും
ദുബൈ: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ദുബൈ മെട്രോയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന പുതിയ കാൽനടപ്പാലം നാളെ മുതൽ തുറന്നുകൊടുക്കും. ഇത്തിഹാദ് റെയിലിന്റെ അൽ യലായിസ് സ്റ്റേഷനെയും ദുബൈ മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പാലം ഒരുക്കിയിരിക്കുന്നത്. ഇതോടെ ട്രെയിനിൽ എത്തുന്നവർക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കാതെ മെട്രോയിലേക്ക് മാറാൻ കഴിയും.
ഏകദേശം 400 മീറ്റർ നീളമുള്ള പാലം രണ്ട് ഗതാഗത ശൃംഖലകൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാക്കും. നിലവിൽ സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ ബസോ ടാക്സിയോ ഉപയോഗിക്കേണ്ട സാഹചര്യമുള്ളവർക്ക് പുതിയ സൗകര്യം സമയം ലാഭിക്കാൻ സഹായിക്കും. ഇത്തിഹാദ് റെയിലിൽ ദുബൈയിലെത്തുന്ന യാത്രക്കാർക്ക് മെട്രോ വഴി നഗരത്തിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളിലേക്കും താമസമേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ യാത്ര തുടരാനാകും.
അതേസമയം, മെട്രോയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനിലെത്തുന്നവർക്കും കാൽനടപ്പാലം വഴി ഇത്തിഹാദ് റെയിൽ സ്റ്റേഷനിലെത്തി ട്രെയിൻ യാത്ര നടത്താം. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി ദുബൈയിലെ വിവിധ ഗതാഗത മാർഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സ്റ്റേഷനുകൾക്കിടയിലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യും.
Comments ()