ബസ് യാത്രക്കാർ ശ്രദ്ധിക്കുക! ദുബൈയിൽ പ്രധാന റൂട്ടുകൾ പുനഃക്രമീകരിക്കുന്നു; പുതിയ മാറ്റങ്ങൾ നവംബർ 20 മുതൽ
നഗരത്തിലെ പ്രധാന താമസകേന്ദ്രങ്ങൾ, വാണിജ്യ മേഖലകൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം
ദുബൈ: പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ ബസ് സർവീസുകളുടെ റൂട്ടുകളിൽ നവംബർ 20 മുതൽ മാറ്റങ്ങൾ വരുത്തുന്നു. ചില റൂട്ടുകൾ നീട്ടുകയും നിലവിലുള്ള യാത്രാപാതകളിൽ പുനഃക്രമീകരണം നടത്തുകയും ചില ഭാഗങ്ങളിലെ സർവീസുകൾ ഒഴിവാക്കുകയും ചെയ്യും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) പുതിയ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചത്.
നഗരത്തിലെ പ്രധാന താമസകേന്ദ്രങ്ങൾ, വാണിജ്യ മേഖലകൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. യാത്രയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് ഷൈൽ ആപ്പിലൂടെ പുതുക്കിയ റൂട്ടുകളും സമയക്രമവും പരിശോധിക്കണമെന്ന് ആർടിഎ നിർദേശിച്ചിട്ടുണ്ട്.
ജബൽ അലി, ജാഫ്സ മേഖലകളിലെ ലൈഫ് ഫാർമസി ബസ് സ്റ്റോപ്പിലേക്കുള്ള എഫ്54, 99 റൂട്ടുകളിൽ മാറ്റമുണ്ടാകും. ഈ സ്റ്റോപ്പിലേക്കുള്ള നിലവിലെ സർവീസ് ഒഴിവാക്കും. പകരം ഈ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് റൂട്ട് 99 ഉപയോഗിക്കാം. അൽ വാസൽ, അൽ ഖൂസ് മേഖലകളിൽ അൽ ഖൂസ് ബസ് സ്റ്റേഷനിൽനിന്ന് അൽ വാസൽ റോഡ് വഴി ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിലേക്കുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പകരം 93, എ29 റൂട്ടുകളെ ആശ്രയിക്കാം. ഇക്വിറ്റി മെട്രോ സ്റ്റോപ്പിലേക്കുള്ള പുതുക്കിയ പാത അൽ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ഫോർത്ത് സ്ട്രീറ്റ് എന്നിവയിലൂടെയായിരിക്കും.
അൽ ഗുബൈബ, അൽ ഫഖ് മേഖലകളിൽ ശൈഖ് ഖലീഫ ബിൻ സയീദ് അൽ മക്തൂം മസ്ജിദിലേക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി റൂട്ട് 66 ഇരുദിശകളിലേക്കും നീട്ടിയിട്ടുണ്ട്. ദുബൈ-ഹത്ത റോഡിലും ലെഹ്ബാബ് മേഖലയിലും സർവീസ് നടത്തുന്ന റൂട്ട് 68-ൽ കൂടുതൽ ബസ് സ്റ്റോപ്പുകൾ ഉൾപ്പെടുത്തും. ഇതിലൂടെ യാത്രക്കാർക്ക് ഇ16 റൂട്ടിലേക്ക് മാറിക്കയറാനുള്ള സൗകര്യവും ലഭിക്കും.
അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാർമിൻ ബസ് ടെർമിനസിൽനിന്ന് പുറപ്പെടുന്ന എഫ്16 ബസിന്റെ യാത്രാപാതയിലും മാറ്റമുണ്ട്. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിന് പകരം ഷെയ്ഖ് സായിദ് സർവീസ് റോഡ് വഴിയായിരിക്കും ഇനി സർവീസ് നടത്തുക. ദുബൈ വേൾഡ് സെൻട്രൽ മേഖലയിലേക്കുള്ള ബസ് സർവീസിന്റെ പരിധി ഫ്രൈറ്റ് ഹൗസ് വരെയും നീട്ടിയിട്ടുണ്ട്.
പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പതിവായി ബസ് സർവീസുകളെ ആശ്രയിക്കുന്നവർ യാത്രാപദ്ധതിയിൽ മാറ്റം വരുത്തേണ്ടിവരും. അതിനാൽ നവംബർ 20 മുതൽ യാത്രയ്ക്ക് മുമ്പ് പുതുക്കിയ വിവരങ്ങൾ പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
Comments ()