മരണവിവരം അറിയാതെ മാതാപിതാക്കളും സഹോദരിയും; ഫുജൈറ വാഹനാപകടത്തില്‍ മരിച്ച 13-കാരന്റെ മൃതദേഹം കബറടക്കി
ഫുജൈറ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ആത്തിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന്റെ (13) മൃതദേഹം ഫുജൈറയിൽ കബറടക്കി
അബുദാബി: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ആത്തിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന് (13) കണ്ണീരോടെ വിട. ഞായറാഴ്ച വൈകിട്ട് ഫുജൈറയിൽ നടന്ന കബറടക്ക ചടങ്ങുകളിൽ വിവിധ രാജ്യക്കാരായ ഒട്ടേറെ പേർ പങ്കെടുത്തു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്തിഫിന്റെ മാതാപിതാക്കളെയും 15 വയസ്സുകാരിയായ സഹോദരിയെയും മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല. ഇവരുടെ നിലവിലെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് വിവരം തൽക്കാലം മറച്ചുവെക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. ദുരന്തവാർത്തയറിഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ ആത്തിഫിന്റെ രണ്ട് അമ്മാവന്മാരുടെ നേതൃത്വത്തിലാണ് അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്.
വിനോദസഞ്ചാരത്തിനായി നവംബർ ആറിനാണ് കുടുംബം യുഎഇയിലെത്തിയത്. നാട്ടിലേക്ക് മടങ്ങാനായി നവംബർ 12-ന് ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ വെച്ചായിരുന്നു അപകടം. 14 പേരുടെ ജീവനെടുക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഈ ദാരുണ അപകടത്തിൽ മരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ആത്തിഫ്.
Comments ()