ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിക്കാൻ ദുബൈ; റോഡുകളിൽ പരീക്ഷണം ശക്തം

റോഡുകളിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ആർടിഎ പ്രത്യേക പരീക്ഷണങ്ങൾ നടത്തിവരികയാണ്

ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിക്കാൻ ദുബൈ; റോഡുകളിൽ  പരീക്ഷണം ശക്തം

ദുബൈ: ഭാവിയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം ഉയർത്തി ദുബൈ. നഗരത്തിൽ രജിസ്റ്റർ ചെയ്ത സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ എണ്ണം 160 ആയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2030 ആകുമ്പോഴേക്കും ഈ എണ്ണം 4,000 ആയി ഉയർത്തുകയാണ് ലക്ഷ്യം.

റോഡുകളിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ആർടിഎ പ്രത്യേക പരീക്ഷണങ്ങൾ നടത്തിവരികയാണ്. അൽ മക്തൂം വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ്‌സ് റോഡിലെ മൂന്ന് ലെയ്നുകളിലും അൽ മക്തൂം എയർപോർട്ട് ടണലിലുമാണ് പരിശോധന. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ പരീക്ഷണങ്ങൾ ശനിയാഴ്ച വരെ തുടരും. റോഡിലേക്ക് അപ്രതീക്ഷിതമായി കുട്ടികളോ കാൽനടയാത്രക്കാരോ എത്തുക, പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവരിക, ട്രാഫിക് സിഗ്നലുകളും മറ്റ് വാഹനങ്ങളിൽനിന്നുള്ള സിഗ്നലുകളും തിരിച്ചറിയുക തുടങ്ങിയ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് വാഹനങ്ങളുടെ പ്രതികരണശേഷി പരിശോധിക്കുന്നത്.

മനുഷ്യരുടെ അശ്രദ്ധ, ക്ഷീണം, അമിതവേഗം തുടങ്ങിയ ഘടകങ്ങൾ ഏകദേശം 95 ശതമാനം വാഹനാപകടങ്ങൾക്കും കാരണമാകുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നൂതന സെൻസറുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് റോഡും പരിസരവും നിരീക്ഷിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ കഴിയും. ഇതിലൂടെ മനുഷ്യസഹജമായ പിഴവുകൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നവീന ഗതാഗത സംവിധാനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ആഗോള സാങ്കേതിക കേന്ദ്രമെന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആർടിഎ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ അദെൽ ഷക്രി പറഞ്ഞു.