മലയാളിയടക്കം സൗദിയിൽ എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ
തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ കുടുങ്ങിയിട്ടുള്ളത്.
തൃശ്ശൂർ: ലഹരിമരുന്ന് കേസിൽപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫ് ഉൾപ്പെടെയുള്ള എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണി നേരിടുന്നു. ഉമറിനൊപ്പം പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേരാണ് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ലഹരിക്കടത്തിന് പിടിയിലായത്. ജോലി വാഗ്ദാനം വിശ്വസിച്ച് സൗദിയിലെത്തിയ ഇവർ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നാട്ടുകാരനായ ആഷിഖ് എന്നയാളാണ് ഉമർ ഷരീഫിന് സൗദിയിൽ ജോലി വാഗ്ദാനം നൽകിയത്. യാത്ര തിരിക്കുന്ന സമയത്ത്, പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള സഹായവസ്തുക്കൾ എന്ന് വിശ്വസിപ്പിച്ച് ആഷിഖ് ഇയാളുടെ കൈവശം ലഹരിമരുന്ന് കൊടുത്തു വിടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ രണ്ടു മാസമായി ഇവർ ജിദ്ദയിലെ ജയിലിൽ കഴിയുകയാണ്. പ്രതികൾക്ക് കനത്ത പിഴയും വധശിക്ഷയും നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടതോടെ വലിയ ആശങ്കയിലാണ് ഇവരുടെ കുടുംബങ്ങൾ. നിരപരാധികളായ ഇവരെ രക്ഷപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് ബന്ധുക്കൾ.
Comments ()