ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ലാൻഡ്മാർക്ക് വിടപറയുന്നു: ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കുന്നു

ദുബായ് ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കുന്നു

ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ലാൻഡ്മാർക്ക് വിടപറയുന്നു: ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കുന്നു

ദുബായിയുടെ വികസനചരിത്രത്തിന് സാക്ഷ്യം വഹിച്ച ഐക്കണിക് അടയാളങ്ങളിലൊന്നായ ശൈഖ് സായിദ് റോഡിലെ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു. 1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ ചരിത്ര കെട്ടിടം സുരക്ഷാ കാരണങ്ങളാലും അശാസ്ത്രീയമായ മുറി വേർതിരിക്കലുകൾ മൂലമുള്ള തിങ്ങിത്താമസവും കണക്കിലെടുത്താണ് പൊളിച്ചുനീക്കുന്നത്. താമസക്കാർ ഇതിനകം തന്നെ ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. 'റാഷിദ് ലൂത്താ ബിൽഡിങ്' എന്നാണ് യഥാർത്ഥ പേരെങ്കിലും 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ടൊയോട്ട ലോഗോയിലൂടെയാണ് ഇത് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. 2018-ൽ കരാർ കാലാവധി തീർന്നതിനെ തുടർന്ന് ഈ ലോഗോ മാറ്റിയെങ്കിലും 2022-ൽ അത് പുനഃസ്ഥാപിച്ചിരുന്നു.

യു.എ.ഇ എന്ന രാജ്യം രൂപീകൃതമായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഉയർന്നുവന്ന ഈ കെട്ടിടം, ദുബായിലെ ആദ്യകാല residential സമുച്ചയങ്ങളിൽ ഒന്നാണ്. മരുഭൂമിയായിക്കിടന്ന പഴയ നഗരത്തിൽ നിന്ന് ഇന്നത്തെ ആധുനിക മെട്രോപോളിസത്തിലേക്കുള്ള ദുബായിയുടെ മാറ്റത്തിന് പൂർണ്ണ സാക്ഷിയായി നിലകൊണ്ട കെട്ടിടമാണിത്. ദുബായിയുടെ പഴയകാല ചിത്രങ്ങളിലും ഓർമ്മകളിലും എന്നും നിറഞ്ഞുനിന്നിരുന്ന ഈ പ്രമുഖ ലാൻഡ്മാർക്ക് പൊളിച്ചുനീക്കുന്നതോടെ നഗരത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.