മിനി കൂപ്പർ അപകടം; പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല.
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ഡിസ്ട്രിക്ട് സെഷൻസ് കോടതി (2) തള്ളി. വാഹനമോടിച്ച ഒന്നാം പ്രതി സുഹൈൽ സജീവ്, അപകട സമയത്ത് മുൻ സീറ്റിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യഹർജികളാണ് കോടതി തള്ളിയത്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് സെഷൻസ് കോടതിയുടെ നടപടി. കേസിൽ തുടർചോദ്യം ചെയ്യലിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉടൻ തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഓക്ടോബർ 11-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ വാഹനാപകടം നടന്നത്. കാറിലുണ്ടായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവർ അപകടസ്ഥലത്തുതന്നെ തൽക്ഷണം മരിച്ചിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.
അപകടത്തിൽ കാറോടിച്ച 19-കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യാ കുറ്റവും, കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
Comments ()