വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുഎഇയിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
യുഎഇയിലെ അൽ ഐനിൽ പാർക്കിന് സമീപമുള്ള വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരനായ അറബ് ബാലൻ മരിച്ചു.
യുഎഇയിലെ അൽ ഐനിൽ പാർക്കിന് സമീപത്തുണ്ടായ ദാരുണമായ ഒരു അപകടത്തിൽ പാർക്കിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അറബ് സ്വദേശിയായ വലീദ് ഖാലിദ് എന്ന എട്ടുവയസ്സുകാരൻ മരണപ്പെട്ടു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, ബാഗും പഠന സാമഗ്രികളും ക്രമീകരിച്ച് സ്കൂൾ യൂണിഫോം വാങ്ങാൻ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കുട്ടിയെ ദുരന്തം കവർന്നത്. ജ്യേഷ്ഠനും സുഹൃത്തുക്കൾക്കുമൊപ്പം വീടിനടുത്തുള്ള പാർക്കിൽ കളിക്കാൻ പോയ വലീദ്, സമീപത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറിൽ വെള്ളം കുടിക്കാൻ തൊട്ട മറ്റൊരു കുട്ടി നിലത്തുവീണത് കണ്ട് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെല്ലുകയും വാട്ടർ കൂളറിൽ തൊടുകയുമായിരുന്നു. ഇതോടെ ശക്തമായ വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി വീണ വലീദിനെ രക്ഷിക്കാൻ ജ്യേഷ്ഠൻ ഒൻപതുകാരൻ അഹമ്മദ് ശ്രമിച്ചെങ്കിലും, വൈദ്യുതി പ്രവാഹം അനുഭവിച്ചതോടെ പിന്മാറി വീട്ടിലേക്ക് ഓടിച്ചെന്ന് വിവരമറിയിക്കുകയായിരുന്നു. വലീദിന്റെ വേർപാട് നാടിനെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തി.
Comments ()